കൊച്ചി : കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗം ചേരുന്നതിനിടെ മേയറുടെ ഓഫീസിന് മുന്നിൽ ബിജെപി, കോൺഗ്രസ് പ്രതിഷേധം. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങളായി മേയർക്കെതിരെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കനത്ത പൊലീസ് കാവലിലാണ് മേയർ യോഗത്തിനെത്തിയത്. പ്രതിഷേധക്കാർ മേയറെ തടയാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലെത്തിയത്. പ്രതിപക്ഷ കൗണ്സിലർമാർ മേയറെ ഉപരോധിച്ചു.
അതേസമയം മേയർക്ക് പിന്തുണയുമായി ഗേറ്റിന് പുറത്ത് സിപിഎം പ്രവർത്തകർ തമ്പടിച്ചിരുന്നു. കോർപ്പറേഷൻ ഓഫീസിൻ്റെ ഷട്ടർ താഴ്ത്താൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു. കൗൺസിലർമാരും പൊലീസുമായി ഉന്തും തള്ളും നടന്നു. കൗൺസിലർമാർ അല്ലാത്ത യുഡിഎഫ് പ്രവർത്തകരെ പൊലീസ് ഓഫീസിൽ നിന്ന് പുറത്താക്കി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇതിനിടെ വനിതാ കൗൺസലർമാരെ പൊലീസ് മർദ്ദിച്ചെന്ന പരാതി ഉയർന്നു. പുരുഷ പൊലീസ് മർദിച്ചെന്ന് .കൺസിലർ ദീപ്തി മേരി വർഗീസ് ആരോപിച്ചു. പുറത്ത് സംഘർഷം നടക്കുന്നതിനിടെ യുഡിഎഫ്, ബിജെപി കൗൺസിലർമുടെ അഭാവത്തിൽ കൌൺസിൽ യോം ചേർന്നു. യോഗം പിരിഞ്ഞിട്ടും പ്രതിപക്ഷ കൌൺസിലർമാരും പ്രവർത്തകരും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല.