കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ സംഘർഷം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ.ഐ.ടിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
എന്‍ഐടിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടന്ന് അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ഏരിയാ പ്രസിഡന്‍റ് യാസിര്‍, സംസ്ഥാന കമ്മിറ്റി മെമ്പർ മിഥുന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ത്യ രാമരാജ്യമല്ലെന്ന് പോസ്റ്റര്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട സംഘർത്തെ തുടർന്ന് നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി എന്‍ഐടി ഡീന്‍ ഉത്തരവിറക്കിയത്. വൈശാഖിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ക്യാംപസിലേക്ക് വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയത്.
വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ഐ.ടി. ക്യാമ്പസിന് മുന്നിൽ പ്രതിഷേധത്തെരുവും ഫ്രട്ടേണിറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം ക്യാമ്പസ് കവാടത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു.
ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ മാർച്ച് ക്യാമ്പസ് ഗെയിറ്റിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ക്യാമ്പസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി.
‘ഒരു വർണമല്ല, വർണവൈവിധ്യങ്ങളുടെ ഇന്ത്യ, ഇന്ത്യ രാമരാജ്യമല്ല, ഇന്ത്യ മതേതര രാജ്യം’ എന്നീ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി ക്യാമ്പസ് കവാടത്തിന് മുന്നിൽ രാജ്യത്തിൻ്റെ ത്രിവർണഭൂപടം തീർത്തു. വൈകീട്ട് നാലരയ്ക്ക് നടന്ന പ്രതിഷേധത്തെരുവിൽ കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് അധ്യക്ഷനായി.