തിരുവനന്തപുരം: ബാറില്‍ മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടും കുത്തുമേറ്റു. സംഭവത്തെ തുടര്‍ന്ന് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര ആലുംമൂട്ടിലെ ബാറിലാണ് സംഭവം.
കോഴിക്കോട് കൊടുവള്ളി സ്വദേശി ചുവട്ടില്‍വീട്ടില്‍ കണ്ണന്‍ എന്ന മഹേഷ്(37), കൊടുവള്ളി സ്വദേശി ലാലു എന്നിവര്‍ക്കാണ് വെട്ടും കുത്തുമേറ്റത്. സംഭവത്തില്‍ തൊഴുക്കല്‍, ഹരി ഭവനില്‍ കൊട്ട് ഹരി എന്ന ഹരികൃഷ്ണന്‍(27), തൊഴുക്കല്‍, സാജന്‍ നിവാസില്‍ സാജന്‍(27), പവിത്രാനന്ദപുരം കോളനിയില്‍ അര്‍ഷാദ്(26), തൊഴുക്കല്‍, ജിജി കോട്ടേജില്‍ എബി അശോക്(28), തൊഴുക്കല്‍, അനുഗീത ഭവനില്‍ അനൂപ്(24) എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ: കൊടുവള്ളി സ്വദേശി ഭവിന്‍ സുഹൃത്തായ നെയ്യാറ്റിന്‍കര സ്വദേശി വിഷ്ണുവിന് ഒന്‍പത് ലക്ഷം രൂപ നല്‍കിയിരുന്നു. വിഷ്ണുവിന്റെ ബിസിനസില്‍ നിക്ഷേപിക്കാനാണ് പണം നല്‍കിയത്. നിക്ഷേപിച്ച പണത്തിന് ലാഭ വിഹിതം ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചു.
പണം കിട്ടാതായപ്പോള്‍ കൊടുവള്ളി സ്വദേശികളായ അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പം ഭവിന്‍ നെയ്യാറ്റിന്‍കരയിലെത്തി വിഷ്ണുവിനെ കണ്ടു. തിരികെ മടങ്ങുന്നതിന് മുന്‍പായി ഇവര്‍ ആലുംമൂട്ടിലെ ബാറില്‍ കയറി മദ്യപിച്ചു. ഇവിടെ വെച്ച് അര്‍ഷാദ്, സാജന്‍, എബിഅശോക്, വിവേക് എന്നിവരുമായി വാക്കുതര്‍ക്കവും അടിയുമായി. തുടര്‍ന്ന് വിവേക് ഫോണ്‍ ചെയ്ത് കൊട്ടു ഹരിയെയും അനൂപിനെയും വിളിച്ചുവരുത്തി. കൊട്ടു ഹരി കൊണ്ടുവന്ന വെട്ടുകത്തി ഉപയോഗിച്ചാണ് മഹേഷിനെ വെട്ടിയത്.
മഹേഷിന്റെ ഇടതുകാലിലിനും വലതുകൈയ്ക്കും വെട്ടേറ്റു. ലാലുവിന്റെ കഴുത്തിലാണ് കുത്തിയത്. മഹേഷിന്റെയും ലാലുവിന്റെയും പരുക്ക് ഗുരുതരമാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭവിന്‍, രാഹുല്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നും രണ്ടും പ്രതികളായ കൊട്ടു ഹരിയും സാജനും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയവരാണ്. വിവേക് ഒളിവിലാണ്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലായ പ്രതിയ്ക്കായി തിരച്ചില്‍ നടത്തുന്നതായി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. എ.സി.വിപിനും എസ്.ഐ. എസ്.വിപിന്‍കുമാറും അറിയിച്ചു.