‘ഒരു പ്രധാന് വേണ്ടി നിരവധി വിദ്യാർത്ഥികളുടെ രക്തം ചിന്തുന്നു! ജന്തർ മന്തറിൽ തീപ്പൊരിയായി സി.ജെ.പി; പിന്തുണയുമായി ചലച്ചിത്ര താരങ്ങൾ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ രംഗത്ത്. പ്രക്ഷോഭകരോട് പോലീസ് കാണിച്ച ക്രൂരതയില്‍ പ്രതിഷേധിച്ച താരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും ഉടനടി ചര്‍ച്ചകള്‍ക്ക് തയ്യാറാകാനും അധികാരികളോട് ആവശ്യപ്പെട്ടു.

‘സംഭവിച്ചതെല്ലാം സങ്കടകരമാണ്. വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ പെരുമാറരുത്’ -പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത് ദോസാഞ്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മുന്‍പ് കര്‍ഷക സമരത്തെ പിന്തുണച്ചപ്പോള്‍ തന്നെ ‘രാജ്യവിരുദ്ധന്‍’ എന്ന് വിളിച്ച കാര്യം ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഇത്തവണയും തനിക്ക് നേരെ അത്തരം അധിക്ഷേപങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണെന്നും കൂട്ടിച്ചേര്‍ത്തു.

സമരം ചെയ്യുന്ന യുവജനങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ റിതേഷ് ദേശ്മുഖും ഭാര്യ ജെനീലിയ ഡിസൂസയും രംഗത്തെത്തി. ‘രാജ്യത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന യുവാക്കളുടെ ശബ്ദം ഭയമില്ലാതെ കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകണം. ജനാധിപത്യത്തിന്റെ ജീവത്തുടിപ്പാണ് അവര്‍’ -റിതേഷ് എക്സില്‍ കുറിച്ചു. പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി മുതിര്‍ന്ന നടി ഷബാന ആസ്മിയും നടന്‍ പ്രകാശ് രാജും ജന്തര്‍ മന്ദിറില്‍ നേരിട്ടെത്തി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി പ്രതിഷേധിച്ചതെന്ന് ഷബാന ആസ്മി ചൂണ്ടിക്കാട്ടി.

പോലീസ് നടത്തിയത് ക്രൂരമായ അടിച്ചമര്‍ത്തലാണെന്ന് നടി ഹുമ ഖുറേഷി കുറ്റപ്പെടുത്തി. സമരസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ കനത്ത സങ്കടമുണ്ടാക്കുന്നതാണെന്ന് ഹുമ പറഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് നടി നന്ദിത ദാസും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ അപാകതകള്‍ പരിഹരിക്കപ്പെടണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി അക്രമങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചകള്‍ നടത്തണമെന്നും നടി ഭുമി പഡ്‌നേക്കര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് പുറമേ സീനത്ത് അമന്‍, നസീറുദ്ദീന്‍ ഷാ, രത്‌ന പഥക് ഷാ, അഭയ് ഡിയോള്‍, സോനാക്ഷി സിന്‍ഹ, സോണി റസ്ദാന്‍ തുടങ്ങിയ നിരവധി പ്രമുഖരും പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ രക്തം ചിന്താനും കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. ഡല്‍ഹി ജന്തര്‍ മന്തറിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കുകയും പരിക്കേറ്റ വിദ്യാര്‍ഥികളോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു അഭിജീത് ദീപ്‌കെയുടെ പ്രതികരണം.

‘ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളോട്, അവരെ ?പൊലീസ് ഉദ്യോഗസ്ഥര്‍ ?ക്രൂരമായി തല്ലിചതച്ചു. നമുക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു. ഡല്‍ഹി പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമായിരുന്നു. 20ലധികം വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമായ ഒരു ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍, നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്താനും സര്‍ക്കാര്‍ തയാറാണ്. പരിക്കേറ്റവര്‍ ഇത് കാണുന്നുണ്ടെങ്കില്‍ എനിക്ക് സന്ദേശം അയക്കുക. എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിച്ച് ക്ഷമ ചോദിക്കണം’ -അഭിജീത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തോടനുബന്ധിച്ച് കോക്രോച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത ചലോ സന്‍സദ് മാര്‍ച്ച് ഡല്‍ഹിയില്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ 70പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ 118 പൊലീസുകാര്‍ക്കും 60ലധികം പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് ശ്രമിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.

അതേസമയം, സമാധാനപരമായ മാര്‍ച്ചിന് നേരെ പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന് സി.ജെ.പി ആരോപിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം തുടരുമെന്നും അവര്‍ അറിയിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ജന്തര്‍ മന്തറിലെ സമര പന്തല്‍ പൊലീസ് തകര്‍ത്തിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെ വീണ്ടും സി.ജെ.പി പ്രവര്‍ത്തകരെത്തി സമരപന്തല്‍ പുനസ്ഥാപിച്ചു. പ്രതിഷേധം തുടരാനുള്ള സി.ജെ.പിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ജന്തര്‍ മന്തറിലേക്ക് പ്രതിഷേധക്കാര്‍ ഒഴുകിയെത്തുന്നുണ്ട്. സ്ഥലത്ത് വന്‍തോതില്‍ പൊലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. സി.ജെ.പി ആഹ്വാനം ചെയ്ത സന്‍സാദ് ചലോ മാര്‍ച്ചിന് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആയിരക്കണക്കിന് പേര്‍ എത്തിയിരുന്നു. ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ലാത്തി വീശിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. സമരക്കാര്‍ പാര്‍ലമെന്റിന് അടുത്തെത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു.

English SummaryThe ongoing student protest led by the Cockroach Janata Party (CJP) at Jantar Mantar, New Delhi, demanding the resignation of Education Minister Dharmendra Pradhan over exam irregularities and student suicides, has gained massive momentum. Prominent film stars and cultural icons have stepped forward in support, stating that students are the lifeblood of democracy and their voices must be heard. Protesters sharply criticized the government, accusing it of shedding students’ blood to shield Minister Dharmendra Pradhan, as Gitanjali Angmo and other leaders continue to spearhead the agitation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News