കോഴിക്കോട്: താമരശ്ശേരിയിൽ വണ്ടിച്ചെക്ക് നൽകിയെന്നാരോപിച്ച് വീട്ടമ്മയെ ചിട്ടിക്കമ്പിനി ഉടമ ഭീഷണിപ്പെടുത്തുന്നതായി പരാതി. ചിട്ടിക്ക് മുടക്കിയ തുക തിരിച്ചു ചോദിച്ചപ്പോഴാണ് ഭീഷണി തുടങ്ങിയതെന്നാണ് താമരശ്ശേരി സ്വദേശി സജ്നത്തിന്‍റെ പരാതി.
താമരശ്ശേരിയിലെ മലബാർ ചിറ്റ്സ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനയുടമ സത്താർ പൈക്കാട്ടിനെതിരെയാണ് സജ്നത്തിന്റെ പരാതി. ഇയാളുടെ ചിട്ടിക്കന്പനിയിൽ ഈടായി 9 വർഷം മുന്പ് സജ്നത്ത് നൽകിയ ചെക്കുപയോഗിച്ചാണ് ഭീഷണി. ഒന്നരവർഷം ചിട്ടിത്തവണയടച്ച സജ്നത്ത്, അത്യാവശ്യം വന്നപ്പോൾ ചിട്ടിത്തുക ചോദിച്ചു. എന്നാൽ ഒന്നരവർഷമായിട്ടും അടച്ച പണം പോലും നൽകാഞ്ഞതോടെ, വഞ്ചനാകുറ്റമാരോപിച്ച് സജ്നത്ത് പൊലീസിൽ പരാതി നൽകി. പരാതി പിൻവലിക്കാഞ്ഞതോടെ, നിരന്തര ഭീഷണിയും വക്കീൽ നോട്ടീസും. നിയമപരമായി സാധുയില്ലാത്ത ചെക്കിന്‍റെ പേരിലാണ് ഭീഷണിയെന്ന് സജനത്ത് പരാതിപ്പെടുന്നു.
വീട്ടമ്മയുടെ പരാതിയിൽ കേസ്സെടുത്ത താമരശ്ശേരി പൊലീസ്, ചിട്ടിക്കന്പനിക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടതിനാൽ സത്താറിനെതിരെ വഞ്ചന, പണംതട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ്സെടുത്തിട്ടുണ്ട്.