മലപ്പുറം: കോട്ടക്കലില്‍ നിന്ന് മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡര്‍’ പിടികൂടി. ചെറുപാക്കറ്റുകളില്‍ സൂക്ഷിച്ച ചൈനീസ് നിര്‍മ്മിതമായ എത്തിലിന്‍ പൊടി ഉപയോഗിച്ച് പഴുപ്പിച്ച മൂന്നൂറ് കിലോയോളം വരുന്ന മാങ്ങയും ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു.
പിടിച്ചെടുത്ത പൊടി കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് എത്തിലിന്‍ പൗഡര്‍ തന്നെയാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധന കഴിഞ്ഞാലേ വ്യക്തമാവുകയുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീയുടെ നിര്‍ദ്ദേശ പ്രകാരം കോട്ടക്കല്‍ സര്‍ക്കിള്‍ ഓഫീസര്‍ എസ് ഷിബു,മലപ്പുറം നോഡല്‍ ഓഫീസര്‍ ദിവ്യദിനേശ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അടുത്ത കാലത്താണ് സംസ്ഥാനത്ത് പഴങ്ങള്‍ പഴുപ്പിക്കാന്‍ കാത്സ്യം കാര്‍ബൈഡിനു പകരം എത്തിലിന്‍ പൊടി ഉപയോഗിച്ച് തുടങ്ങിയത്. കൊച്ചിയിലും പാലക്കാട്ടെ കുമാരനെല്ലൂരും ഈ പൊടി പിടികൂടിയിരുന്നു.