ന്യൂഡല്‍ഹി: ചൈനയുടെ ഉപഗ്രഹസംവിധാനമായ ബെയ്ദുവിന്റെ സേവനം പാകിസ്താന്‍ സൈന്യത്തിന് കൂടുതല്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുടെയും പാകിസ്താന്റെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. മേയ് 16നാണ് ഇരുരാജ്യങ്ങളിലേയും ഉന്നതതല ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ലാഹോറിലെ പാക് വ്യോമപ്രതിരോധസംവിധാനവും എട്ടോളം പാക് സൈനിക ആസ്ഥാനങ്ങളും തകര്‍ന്നിരുന്നു.
ഇതിനുപിന്നാലെയാണ് പാകിസ്താന് കൂടുതല്‍ സഹായവുമായി ചൈന എത്തിയിരിക്കുന്നത്. ഉപഗ്രഹ കവറേജ് വര്‍ധിപ്പിക്കുന്നതിലൂടെ പാകിസ്താന് കൂടുതല്‍ പിന്തുണയേകാനും ഇന്ത്യയുടെ നീക്കങ്ങളെ കുറിച്ച് പാകിസ്താനെ വിവരം ധരിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. 5 ജി വാര്‍ത്താവിനിമയസൗകര്യം ലഭ്യമാക്കുന്നതിലൂടെ പാകിസ്താന് കൂടുതല്‍ പിന്തുണയ്ക്കാനാണ് ചൈനയുടെ നീക്കം.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സൈനികസംവിധാനങ്ങള്‍ക്ക് ഇന്ത്യ കനത്ത നാശം വിതച്ചിരുന്നു. ചൈനയുടെ പക്കല്‍ നിന്ന് ലഭിച്ച ജെറ്റുകളും മിസൈല്‍ സംവിധാനങ്ങളുമാണ് പാക് ആയുധശേഖരത്തിന്റെ ഭൂരിഭാഗവും. അവയുടെ മുനയൊടിക്കാന്‍ ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ ധാരളമായിരുന്നു. അതിര്‍ത്തിയിലെ പാക് സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പത്തോളം ഉപഗ്രഹങ്ങളാണ് ഇന്ത്യ വിന്യസിച്ചിരുന്നത്.