കാബൂൾ:അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്ന നീക്കമാണെന്നാണ് വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് വ്യോമതാവളങ്ങൾ ഏറ്റെടുക്കാനുളള നീക്കമെന്ന് സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
അധിനിവേശകാലത്ത് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ബാഗ്രാം വ്യോമതാവളം. ഇത് നിയന്ത്രണത്തിലാക്കാൻ ചൈന ശ്രമിക്കുന്നുവെന്നാണ് കരുതേണ്ടത്. അങ്ങനെ സംഭവിച്ചാൽ പാകിസ്താനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യയ്ക്കെതിരേ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
അഫ്ഗാൻ വിഷയത്തിൽ റഷ്യയെപ്പോലുള്ള അഭിനേതാക്കൾ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുകയാണ്. താലിബാനെതിരെ തിരിച്ചടിക്കാനായി അവർ സന്നദ്ധതയൊന്നും പ്രകടിപ്പിക്കുന്നില്ല. ഈ ഘട്ടത്തിൽ നാം ചൈനയെ നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, അവർ ഉടൻ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കാം. ഇന്ത്യയ്ക്കെതിരേ പോരാടുന്നതിന് അവർ പാകിസ്താനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നിക്കി ഹാലെ അഭിമുഖത്തിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനെ സാമ്പത്തികമായി ഉപേക്ഷിച്ച അമേരിക്ക ഉണ്ടാക്കിയ വിടവ് നികത്തി ചൈനയുടെ വിഖ്യാത പദ്ധതിയായ ബെൽറ്റ് ആന്റ് റോഡ് നടപ്പാക്കാനാണ് ചൈനയുടെ ശ്രമം. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ആരെയെങ്കിലും ഏൽപ്പിക്കാനാണ് അഫ്ഗാൻ ശ്രമിക്കുന്നതെങ്കിൽ ചൈന അവ ഏറ്റെടുക്കുന്നതിന് നാം ഉടൻ സാക്ഷ്യം വഹിക്കും. അതിനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചതായി നയതന്ത്രജ്ഞനായ അനിൽ തിഗ്രുനയാത്ത് ചൂണ്ടിക്കാണിക്കുന്നു.
ഏറെക്കാലമായി ഇന്ത്യയ്ക്കെതിരേ ചൈന പാകിസ്താനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയ്ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസ്ഹറിനെ ഒരു അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ശ്രമിച്ചപ്പോൾ ചൈന എല്ലായ്പ്പോഴും വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടയുകയാണുണ്ടായത്. ചൈനയുടെ കയ്യിലുള്ള ഒരു ഉപകരണമായ പാകിസ്താൻ അല്ല, ചൈനയാണ് ആശങ്കയ്ക്കിടയാക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാൻ അവർ പാകിസ്താനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനിലെ തന്നെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂൾ വിമാനത്താവളത്തിനു പകരം യുഎസ് സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത് ബാഗ്രാമിനെയാണ്. അതിനാൽ തന്നെ സാങ്കേതികമായും പൂർണമായും വികസിച്ച വിമാനത്താവളമാണ് ബാഗ്രാം. 20 കൊല്ലത്തിന് ശേഷമാണ് ബാഗ്രാം വ്യോമതാവളം യുഎസ് അഫ്ഗാന് കൈമാറിയത്.
താലിബാൻ നയിക്കുന്ന അഫ്ഗാൻ സർക്കാർ അധികാരത്തിലേറാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയ്ക്കും ആശങ്ക നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ താലിബാനോട് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.