വിഷക്കൂൺ ദുരന്തം വീണ്ടും,പോളണ്ടില്‍ അഭയം തേടിയ അഫ്ഗാൻ ബാലൻ വിഷക്കൂണ്‍ കഴിച്ചുമരിച്ചു
വാർസോ:താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ പോളണ്ടില്‍ അഭയം തേടിയ അഞ്ചുവയസുകാരന്‍ വിഷക്കൂണ്‍ കഴിച്ചുമരിച്ചു. ഈ കുട്ടിയുടെ ആറുവയസുള്ള സഹോദരനും വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആറുവയസുകാരനെ ഇതിനോടകം കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍സോയ്ക്ക് സമീപമുള്ള അഭയാര്‍ത്ഥി ക്യാംപിലാണ് ഇവര്‍ തങ്ങിയിരുന്നത്. ഓഗസ്റ്റ് 23നാണ് ഇവര്‍ പോളണ്ടിലെത്തിയത്.
വ്യാഴാഴ്ചയാണ് അഞ്ച് വയസുകാരന്‍റെ മരണം സ്ഥിരീകരിച്ചത്. വിഷക്കൂണ്‍ ഭക്ഷിച്ചെന്ന് മനസിലാക്കിയ ഉടനേ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നും ചെയ്യാനായില്ലെന്ന് ആശുപത്രി ഡയറക്ടറായ ഡോ മാരീക് മിഗ്ദാല്‍ ബിബിസിയോട് വിശദമാക്കി. ആറുവയസുകാരനായ സഹോദരനില്‍ നിന്ന് വ്യത്യസ്തമായി കരള്‍ മാറ്റി വയ്ക്കാനാവാത്ത അവസ്ഥയിലും തലച്ചോറിന് ഗുരുതര തകരാറുമാണ് അഞ്ചുവയസുകാരന് ഉണ്ടായിരുന്നത്.
ഇതേ അഭയാര്‍ത്ഥി കേന്ദ്രത്തിലുണ്ടായിരുന്ന പതിനേഴുകാരിയായ അഫ്ഗാന്‍ പെണ്‍കുട്ടി വിഷക്കൂണ്‍ കഴിച്ച് നേരത്തെ അപകടാവസ്ഥയിലായിരുന്നു. ഈ പെണ്‍കുട്ടിയെ അടുത്ത ദിവസമാണ് ചികിത്സ പൂര്‍ത്തിയാക്കി തിരികെ അയച്ചത്. തുടര്‍ച്ചയായി വിഷക്കൂണ്‍ കഴിച്ചുള്ള അപകടം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംഭവത്തേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാംപിന് സമീപത്തുള്ള വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ സൂപ്പില്‍ ചേര്‍ത്ത് കഴിച്ചതാണ് പെണ്‍കുട്ടിയ്ക്ക് വിഷബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് പോളണ്ടിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ക്യാംപില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഭക്ഷണത്തിനായി കൂണ്‍ തിരയേണ്ടി വന്നതെന്ന ആരോപണം പോളണ്ടിനെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. വനത്തില്‍ നിന്ന് ശേഖരിക്കുന്ന കൂണുകള്‍ ഭക്ഷിക്കുന്നത് സംബന്ധിച്ച് ക്യാംപിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. നാറ്റോ സേനയ്ക്കൊപ്പം പ്രവര്‍ത്തിച്ച ആയിരം അഫ്ഗാന്‍ സ്വദേശികളെയാണ് പോളണ്ട് കാബൂളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്.