പ്രകോപനവുമായി വീണ്ടും ചൈന,ഗല്‍വാന്‍ തങ്ങളുടേതെന്ന് അവകാശവാദം,തിരിച്ചടിയ്ക്ക് കോപ്പുകൂട്ടി ഇന്ത്യ

ന്യൂഡല്‍ഹി:അതിര്‍ത്തി സംഘര്‍ഷത്തില്‍ മഞ്ഞുരുക്കലിനുള്ള ശ്രമങ്ങള്‍ തുടരവെ വീണ്ടും പ്രകോപനവുമായി ചൈന. തങ്ങളുടെ അധീനതയിലുള്ള ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു.സംഘര്‍ഷം ഉണ്ടായത് ചൈനയുടെ പ്രദേശത്താണെന്നും സംഘര്‍ഷം ഒഴിവാക്കേണ്ട ബാദ്ധ്യത ഇന്ത്യക്കാണെന്നും ചൈന പറഞ്ഞു.

കഴിഞ്ഞദിവസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ സൈന്യത്തെ ഒഴിവാക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ അതിനു തൊട്ടുപിന്നാലെയാണ് പ്രകോപനപരമായ പ്രസ്താവനയുമായി് ചൈന വീണ്ടും രംഗത്തെത്തിയിരിയ്ക്കുന്നത്.ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ യുദ്ധസന്നാഹങ്ങള്‍ ശക്തമാക്കി.കൂടുതല്‍ ടാങ്കുകള്‍ മേഖലയില്‍ വിന്യസിച്ചു. വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലെത്തിയ്ക്കുന്ന നടപടി പുരോഗമിയ്ക്കുകയുമാണ്.

നേരത്തേ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യയെ പാഠം പഠിപ്പിക്കാനും ചൈനയുടെ ശക്തി ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്.

എന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് ഇനിയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News