മാസ്‌ക്കില്ലാതെ ബീച്ചില്‍ സെല്‍ഫി; ചിലി പ്രസിഡന്റിന് രണ്ടര ലക്ഷം രൂപ പിഴ
സാന്റിയാഗോ: മാസ്‌ക്ക് ധരിക്കാതെ ബീച്ചില്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്ത പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനെറയ്ക്കു രണ്ടര ലക്ഷം രൂപ പിഴ ചുമത്തി ചിലി സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കിയിരിക്കുന്ന ചിലിയില്‍ പ്രസിഡന്റു പോലും അത് ധരിക്കാത്തത് വളരെ മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ പറഞ്ഞു.
എല്ലാ പൊതു സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതിന് ചിലിക്ക് കര്‍ശന നിയമങ്ങളുണ്ട്, കൂടാതെ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷാര്‍ഹമാണ്. വീടിന് മുന്നിലുള്ള ബീച്ചിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെല്‍ഫിയില്‍ ഇരുവരും മാസ്‌ക് ധരിച്ചിട്ടില്ല. സമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ വൈറലായതോടെ പിനെറ ക്ഷമാപണം നടത്തി. എന്നാല്‍ ക്ഷമാപണം കൊണ്ടൊന്നും പിഴ ഒഴിവാക്കാനായില്ല. കൊവിഡ് പ്രൊട്ടോക്കോള്‍ താന്‍ തെറ്റിച്ചുവെന്നും പിനെറ തുറന്നു പറയുക കൂടി ചെയ്തു.
പ്രസിഡന്റ് പിനെറെ നേരത്തേയും ഫോട്ടോ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുല്യതയ്ക്കു വേണ്ടി രാജ്യത്ത് പ്രതിഷേധം നടത്തിയവര്‍ക്കൊപ്പം പിസ പാര്‍ട്ടി നടത്തി അദ്ദേഹം വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ചിലിയിലാണ്. 581,135 കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 16,051 മരണങ്ങളും ഇതുവരെ റിപോര്‍ട്ട് ചെയ്തു.