കുട്ടിക്കളി അതിരുകടന്നു; ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ച കുട്ടികള്‍ പിടിയില്‍

തിരൂര്‍: ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ച കുട്ടികള്‍ പിടിയില്‍. തിരൂര്‍ റെയില്‍വെസ്റ്റേഷന് സമീപം തുമരക്കാവിലാണ് സംഭവം. കുളത്തില്‍ കുളിക്കാന്‍പോയ അഞ്ച് കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു.

കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. കുട്ടികളിലൊരാള്‍ തുമരക്കാവില്‍വച്ച് കോയമ്പത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍നിര്‍ത്തി.

ഉടനെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ടു. പിന്നീട് ലോക്കോ പൈലറ്റ് വിവരം സ്റ്റേഷന്‍മാസ്റ്ററെയും റെയില്‍വേ സുരക്ഷാസേനയെയും അറിയിച്ചു. റെയില്‍വേ സുരക്ഷാസേന കുട്ടികളെ പിടികൂടുകയും താക്കീതു ചെയ്തതിനുശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നടത്തി.

കുട്ടികള്‍ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News