കൊല്ലം: പത്തനാപുരം നഗരത്തിലെ ജ്വല്ലറിയിൽ കവർച്ചാ ശ്രമം. നഗരത്തിലെ വിനായക ജ്വല്ലറിയുടെ ഷട്ടറിന്റെ മൂന്ന് പൂട്ടുകൾ പൊളിച്ച് അകത്തു കയറിയെങ്കിലും, അകത്തുള്ള വാതിലിന്റെ പൂട്ട് പൊളിക്കാൻ കഴിയാത്തതോടെയാണ് കവർച്ചാ ശ്രമം പാളിയത്. സംഭവത്തിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന കുറുവ സംഘമെന്നാണ് പൊലീസ് സംശയിക്കുന്നത്.
കാമറ തുണികൊണ്ട് മറച്ച ശേഷമായിരുന്നു കവർച്ചാ ശ്രമം നടന്നത്. എന്നാൽ പുലർച്ചെ ഒരു മണിയോടെ കാറിൽ രണ്ടുപേർ ജ്വല്ലറിക്ക് മുന്നിൽ ഇറങ്ങുന്നത് ദൃശ്യങ്ങളിൽ ലഭ്യമായിട്ടുണ്ട്. സമീപ കടകളിലെയും സിസിടിവി തുണികൊണ്ട് മറച്ച നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിലും പൂട്ട് പൊളിക്കാൻ സാധിക്കാതെ വന്നതോടെയാണ് സംഘം മടങ്ങിയത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമടക്കം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്ത പ്രദേശങ്ങളിലായി കുറവ സംഘത്തിന്റെ സാന്നിധ്യമുള്ളതായി സൂചനയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.