മുംബയ്: മുംബൈയില്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം അറസ്റ്റില്‍. ആറ് സ്ത്രീകളുള്‍പ്പടെ എട്ടുപേരാണ് സംഘത്തിലുള്ളതെന്ന് അന്വേഷണ സംഘം അറിയിച്ചു. ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും, ആണ്‍കുട്ടികളെ 1.50 ലക്ഷം രൂപയ്ക്കുമാണ് പ്രതികള്‍ വിറ്റിരുന്നത്. ആറ് മാസത്തിനിടെ സംഘം നാല് കുഞ്ഞുങ്ങളെ വിറ്റതായി അന്വേഷണത്തില്‍ വ്യക്തമാക്കി. കൂടുതല്‍ കുട്ടികളെ കൈമാറിയിട്ടുണ്ടോയെന്നതിനെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ബാന്ദ്ര കിഴക്ക് ധന്യേശ്വര്‍ നഗറില്‍ താമസിക്കുന്ന ഒരു രുക്സര്‍ ഷെയ്ഖ് എന്ന സ്ത്രീ കുഞ്ഞിനെ വിറ്റതായി അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. വിഎന്‍ ദേശായി ആശുപത്രിയില്‍ പ്രസവിച്ച ഇവര്‍ തന്റെ പെണ്‍കുഞ്ഞിനെ വിറ്റതായി അന്വേഷണത്തില്‍ വ്യക്തമായി.
ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതലാളുകളെപ്പറ്റി വിവരം ലഭിച്ചത്. ജനുവരി പതിനാലിന് അന്വേഷണ സംഘം രുഖ്സര്‍, ഷാജഹാന്‍, രൂപാലി എന്നിവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ മകളെ 60,000 രൂപയ്ക്കും, 2019 ല്‍ തന്റെ ആണ്‍ കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കും വിറ്റതായി രുക്‌സര്‍ സമ്മതിച്ചു. രൂപാലി ശര്‍മ രണ്ട് കുഞ്ഞുങ്ങളെയും വിറ്റു. കേസില്‍ ഏജന്റുമാരായ ഹീന ഖാന്‍, നിഷ അഹൈര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ബാക്കി ഉള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.