കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു; വാക്‌സിനുമായി ബന്ധമില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍

ലക്‌നൗ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് മഹിപാല്‍ സിംഗ് എന്ന 46കാരന്‍ മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. എന്നാല്‍, ഇയാളുടെ മരണം കൊവിഡ് വാക്‌സിന്‍ മൂലമല്ലെന്നാണ് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറുടെ പ്രസ്താവന.

വാര്‍ഡ് ബോയ് ആയിരുന്ന മഹിപാല്‍ മരണപ്പെടുന്നതിനു മുന്‍പ് നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവിച്ചിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ആരോഗ്യകരമായി മെച്ചപ്പെട്ട അവസ്ഥയില്‍ ആയിരുന്നില്ല എന്നും കുടുംബം പറയുന്നു.

”ശനിയാഴ്ച ഉച്ചയോടെയാണ് അയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഞായറാഴ്ച ശ്വാസം മുട്ടലും നെഞ്ച് വേദനയും അനുഭവപ്പെട്ടു. മരണകാരണം അന്വേഷിക്കുന്നുണ്ട്. ശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്യും. വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് മരിച്ചതെന്നു കരുതുന്നില്ല. ശനിയാഴ്ച അദ്ദേഹത്തിനു നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അപ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല.”- മൊറാദാബാദ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ എംസി ഗാര്‍ഗ് പറഞ്ഞു.

വാക്‌സിനേഷനു മുന്‍പ് തന്നെ പിതാവിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്ന് മകന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ അസുഖം വഷളായി. ഉച്ചക്ക് 1.30ഓടെയാണ് പിതാവ് വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് മടങ്ങിയത്. താന്‍ അദ്ദേഹത്തെ വീട്ടിലെത്തിച്ചു. അദ്ദേഹത്തിനു ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ചുമയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ന്യുമോണിയ അതിന്റെ ഭാഗമായുള്ള ചുമയും മറ്റുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, വാക്‌സിന്‍ എടുത്തതോടെ അത് വഷളായെന്നും മഹിപാലിന്റെ മകന്‍ വിശാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News