പലഹാരമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച ആറു വയസുകാരന് ദാരുണാന്ത്യം; അച്ഛന്റെ സുഹൃത്തുക്കളായ മൂന്നുപേര്‍ പിടിയില്‍

ചെന്നൈ: ഭക്ഷണമെന്ന് കരുതി സ്ഫോടകവസ്തു കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാവേരി നദിയില്‍ മീന്‍ പിടിക്കുന്നതിനായിട്ടാണ് പിടിയിലായ മൂന്നുപേരും ചേര്‍ന്ന് നാടന്‍ സ്ഫോടകവസ്തു നിര്‍മ്മിച്ചത്. ഇതില്‍ രണ്ടെണ്ണം ഉപയോഗിച്ച് മീന്‍ പിടിച്ചു. ശേഷിക്കുന്ന ഒരെണ്ണം ഇവരുടെ സുഹൃത്തായ ഭൂപതിയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇതിനിടെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരനായ ബാലന്‍ ഇത് കാണുകയും, ഭക്ഷ്യവസ്തുവാണെന്ന് ധരിച്ച് കടിക്കുകയുമായിരുന്നു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ കുട്ടി മരിച്ചു.

സ്ഫോടക വസ്തു മൂലമുള്ള മരണമായതിനാല്‍ പുറത്തറിഞ്ഞാല്‍ കേസാകുമെന്ന് ഭൂപതിയും സുഹൃത്തുക്കളും ഭയന്നു. ഇവര്‍ രാത്രി തന്നെ രഹസ്യമായി കുട്ടിയുടെ മൃതദേഹം മറവുചെയ്തു. ഇതിനിടെ സംഭവത്തെപ്പറ്റി സൂചന കിട്ടിയ പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News