മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു;ആദ്യ കുഞ്ഞ് മരിച്ചതും സമാനമായി

തീരാനോവിൽ മാതാപിതാക്കൾ;മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു;ആദ്യ കുഞ്ഞ് മരിച്ചതും സമാനമായി

ചിറ്റൂർ: മീനാക്ഷിപുരത്ത് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.

സർക്കാർപതി ഉന്നതിയിൽ പാർഥിപന്റെയും സംഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് ശനിയാഴ്ച രാവിലെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. രണ്ടുവർഷം മുൻപ് ഇവരുടെ ആദ്യത്തെ കുഞ്ഞും ജനിച്ച് 45-ാം ദിവസം സമാനരീതിയിൽ മരിച്ചിരുന്നു.

രാവിലെ മൂന്നുമണിയോടെ കുഞ്ഞിന് പാൽ നൽകിയിരുന്നു. പിന്നീട് നോക്കുമ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും സംഗീത പറഞ്ഞു. മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് മീനാക്ഷിപുരം പോലീസ് പറഞ്ഞു.

ഇരവാളൻ സമുദായത്തിൽപ്പെട്ട തനിക്ക് ഗർഭിണിയായതുമുതൽ ആരോഗ്യപ്രവർത്തകരുടെ സഹായമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെന്ന് സംഗീത പറയുന്നു. നെല്ലിമേടുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വിവരം അറിയിച്ചിട്ടും വേണ്ടവിധത്തിലുള്ള സഹായമുണ്ടായില്ലെന്നും അങ്കണവാടി മുഖേന ലഭിക്കേണ്ട പോഷകാഹാരങ്ങൾ കിട്ടിയില്ലെന്നും സംഗീത ആരോപിച്ചു.

എന്നാൽ, ഗർഭിണിയായ വേളയിൽ കൊടുക്കേണ്ട കുത്തിവെപ്പുകൾ കൃത്യമായി കൊടുത്തിരുന്നുവെന്നും സംഗീതയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നുവെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.

മീനാക്ഷിപുരം ഇന്ദിരാനഗർ അങ്കണവാടി മുഖേന ഇവർക്കുള്ള പോഷകാഹാരം വിതരണം ചെയ്തിരുന്നു.

ഒരുമാസം മുൻപ് ഇവർ അവിടെനിന്നു താമസം മാറിയശേഷം അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്ന് ഐസിഡിഎസ് സൂപ്പർവൈസർ ഷമീന പറഞ്ഞു.

മീനാക്ഷിപുരം ഇന്ദിരാനനഗറിൽ ഭർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സംഗീത ഒരുമാസം മുൻപാണ് തന്റെ വീടായ സർക്കാർപതി ഉന്നതിയിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News