വിദ്യാര്‍ത്ഥിനി പമ്പുകടിയേറ്റ് മരിച്ച സംഭവം,അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കേസെടുത്തു

വയനാട് : സുല്‍ത്താന്‍ ബെത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. അതേസമയം സര്‍വജന സ്‌കൂളിന്റെ പ്രിന്‍സിപ്പാളിനെയും വൈസ്പ്രിന്‍സിപ്പാളിനെയും സസ്‌പെന്‍ഡ് ചെയ്തു.

സ്‌കൂളിന്റെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ നടപടി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരന്‍, ഹൈസ്‌കൂളിന്റെ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നവംബര്‍ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് കുട്ടി മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News