കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ (Kottayam Medical College) നിന്ന് തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു. വൈകുന്നേരം മൂന്നരയോട് കൂടി ആശുപത്രിയിൽ നിന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവർ പോയത്. പൊലീസുകാർക്ക് മധുരം നൽകിയ ശേഷം വണ്ടിപ്പെരിയാറിലേക്ക് തിരിച്ചു. അജയ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷാണ് (SI Reneesh) ഈ പേര് നിർദ്ദേശിച്ചത്. കുഞ്ഞനുജത്തിയെ കാണാൻ ദമ്പതികളുടെ മൂത്ത കുട്ടി അലംകൃതയും എത്തിയിരുന്നു. നേരത്തെ ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുഞ്ഞിനുള്ള വസ്ത്രങ്ങളും മറ്റും സമ്മാനിച്ചിരുന്നു.
സംഭവത്തിൽ ഒരു സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍റെ ചെയ്തു. വളരെ ആസൂത്രിതമായാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു പ്രതികരിച്ചു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിക്കുള്ളിൽ നിന്ന് സഹായം കിട്ടിതായി തോന്നുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകും. പ്രാഥമിക നടപടിയുടെ ഭാഗമായാണ് സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ജീവനക്കാരിയുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടയെന്ന ആർഎംഒയുടെ തല സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് രണ്ട് ആഭ്യന്തര അന്വേഷണ സമിതികളുടെയും കണ്ടെത്തൽ.
ആർഎംഒ തല സമിതിക്ക് പുറമേ പ്രിൻസിപ്പലിനെ നേതൃത്വത്തിലുള്ള സമിതിയും ഇക്കാര്യം അന്വേഷിച്ചിരുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെ കയ്യിൽ നിന്നല്ല കുട്ടിയെ തട്ടിയെടുത്തത്. ആൾമാറാട്ടം നടത്തി അമ്മയെ കബളിപ്പിച്ച് ആണ് കുട്ടിയെ കൊണ്ടുപോയത്. ഇത് സുരക്ഷാവീഴ്ച അല്ലെന്നാണ് സമിതികളുടെ വിലയിരുത്തൽ. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യുവിന് രണ്ട് റിപ്പോർട്ടുകളും കൈമാറി.