കൊച്ചി: ആരൊക്കെ എതിര്‍ത്താലും സില്‍വര്‍ ലൈന്‍ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നാടിന് ആവശ്യമാണ്. വികസനത്തില്‍ താല്‍പര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോള്‍ നടന്നില്ലെങ്കില്‍ എപ്പോള്‍ എന്ന് കൂടി നാം ആലോചിക്കണം. പദ്ധതിയെ എതിര്‍ക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ ഇനി വികനത്തിന്റെ കുതിച്ചു കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദമായാണ് തയാറാക്കുക. പരിസ്ഥിതിക്ക് ഒരു ദോഷവും വരില്ല, മറിച്ച് ഗുണമാണ് ഉണ്ടാകുക. നെല്‍കൃഷി തടസപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് എന്നും വികസനത്തിന് എതിരാണ്. ഏതാനും ചിലര്‍ എതിര്‍ത്തപ്പോള്‍ ദേശീയപാത വികസനം യുഡിഎഫ് ഉപേക്ഷിച്ചു. പിന്നെ എന്തുണ്ടായി ഇടതുസര്‍ക്കാര്‍ വന്നാണ് ജനങ്ങളെ മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എംഎല്‍എമാരുമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി വീണ്ടും മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്തെത്തി. സില്‍വര്‍ ലൈനിനായി മുഖ്യമന്ത്രിക്കാണ് പിടിവാശിയുള്ളത്. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. കേരളത്തിലെ ബ്യൂറോക്രസി പരാജയമാണെന്നും ശ്രീധരന്‍ പറഞ്ഞു.
നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. നാടിനാവശ്യമായ പദ്ധതികള്‍ വേറെയുണ്ട്. ആകാശപാതയാണ് കേരളത്തിന് അനുയോജ്യം. പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി കൊണ്ടുവരാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ പുറത്തു വിടാത്തത് ദുരൂഹമാണ്. സര്‍ക്കാരിന് എന്തോ ഹിഡന്‍ അജണ്ട ഇക്കാര്യത്തിലുണ്ട്. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ നിലമ്പൂര്‍ – നഞ്ചന്‍കോട് പാത എന്തുകൊണ്ട് നിര്‍ത്തി ലൈറ്റ് മെട്രോ പ്രോജക്ടുകള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.