മോഷ്ടിച്ച ഫോണില്‍ നിന്ന് മുഖമന്ത്രിക്ക് ഭീഷണി, സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം; പ്രതിക്കായി വലവിരിച്ച് പോലീസ്

കായംകുളം: മോഷ്ടിച്ച ഫോണില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം അയച്ച വ്യക്തി പല സ്ത്രീകളെയും വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായി പോലീസ്. കഴിഞ്ഞ ദിവസം രാത്രി മോഷണം പോയ ചേരാവള്ളി സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും ശക്തമാക്കി.

തിങ്കളാഴ്ച വൈകീട്ടോടെ ഫോണ്‍ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഫോണ്‍ മോഷണം പോയതാണെന്ന് വ്യക്തമായത്. നാലു ദിവസം മുമ്പ് തന്റെ ഫോണ്‍ മോഷണം പോയതാണെന്ന് ചേരാവള്ളി കോലടത്ത് ജങ്ഷനിലെ പലചരക്ക് വ്യാപാരി മൊഴി നല്‍കി. ഫോണിലൂടെ പരസ്പരവിരുദ്ധ കാര്യങ്ങളാണ് മോഷ്ടാവ് പറയുന്നത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോയെന്ന് പോലീസിന് സംശയമുണ്ട്.

ഇതിനിടെയാണ് സ്ത്രീകളോടും അപമര്യാദയായി സംസാരിച്ചത്. ഫോണ്‍ നിലവില്‍ സ്വിച്ഡ് ഓഫാണ്. മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ല പോലീസ് മേധാവി പി.എസ് സാബു അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News