കൂവല്‍ കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ല; ക്ഷുഭിതനായി കുയിലിനെ വെടിവെച്ചു കൊന്നയാള്‍ വനംവകുപ്പിന്റെ പിടിയില്‍
മേട്ടുപ്പാളയം: കുയിലിന്റെ കൂവല്‍ കാരണം ഉറങ്ങാന്‍ കഴിയാത്തതില്‍ ക്ഷുഭിതനായി അതിനെ വെടിവെച്ചു കൊന്നയാള്‍ വനംവകുപ്പിന്റെ പിടിയില്‍. കോയമ്പത്തൂര്‍ വേലാണ്ടിപാളയം അംബേദ്കര്‍ നഗര്‍ ജോര്‍ജ് ജോസഫ് (50) ആണ് മേട്ടുപ്പാളയത്ത് അറസ്റ്റിലായത്. ഉറങ്ങാന്‍ സമ്മതിക്കാതെ കുയില്‍ കൂകിയതാണ് അതിനെ വെടിവെച്ചു കൊല്ലാന്‍ കാരണമെന്ന് ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
മേട്ടുപ്പാളയം മാതയ്യന്‍ ലേ ഔട്ടില്‍ താമസിക്കുന്ന അമ്മയെ കാണാനായി ജോര്‍ജ് ജോസഫ് വാരാന്ത്യങ്ങളില്‍ സ്ഥിരമായി വരാറുണ്ട്. വീട്ടില്‍ ഉറങ്ങുന്നതിനിടയില്‍ വീടിനടുത്തുള്ള മരത്തിലിരുന്ന് കുയില്‍ തുടര്‍ച്ചയായി കൂവിയതോടെ ജോര്‍ജ് ജോസഫിന്റെ ഉറക്കം പോയി. ദേഷ്യത്തില്‍ വീട്ടിലിരുന്ന എയര്‍ ഗണ്‍ ഉപയോഗിച്ച് കുയിലിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
വെടി ശബ്ദവും തോക്കുമായുള്ള ജോര്‍ജ് ജോസഫിന്റെ നില്‍പ്പും കണ്ട അയല്‍വാസികളാണ് പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. തമിഴ്നാട് വനസംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂള്‍ നാലില്‍ ആണ് കുയില്‍ ഉള്ളത്. കുയിലിനെ വെടിവെച്ചു കൊന്നതായി ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ഡി എഫ് ഓയുടെ നിര്‍ദ്ദേശപ്രകാരം ഇയാളുടെ തോക്ക് പിടിച്ചെടുക്കുകയും അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്തതായി മേട്ടുപ്പാളയം റേഞ്ചര്‍ സെല്‍വരാജ് അറിയിച്ചു.