മുന്‍ മിസ് യു.എസ്.എയും ഫാഷന്‍ ബ്ലോഗറും നിയമജ്ഞയുമായ ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. മന്‍ഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തില്‍നിന്നാണ് ചെസ്ലി വീണ് മരിച്ചത്. ഇതേ കെട്ടിടത്തില്‍ ഒന്‍പതാം നിലയിലാണ് അവര്‍ താമസിച്ചിരുന്നത്. ഇപ്പോഴിതാ ചെസ്ലിയെക്കുറിച്ച് അമ്മ ഏപ്രില്‍ സിംപ്കിന്‍സ് പങ്കുവെച്ച കാര്യങ്ങളാണ് വാര്‍ത്തയില്‍ നിറയുന്നത്. വിഷാദരോഗത്തോട് പൊരുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചെസ്ലിയുടെ അന്ത്യമെന്ന് പങ്കുവെക്കുകയാണ് അമ്മ.
മകള്‍ നഷ്ടപ്പെട്ടത് ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും അവര്‍ പറയുന്നു.ഇത്രത്തോളം ആഴത്തിലുള്ള വേദന താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു പറയുകയാണ് ഏപ്രില്‍. പ്രിയപ്പെട്ട മകളുടെ മരണകാരണത്തെക്കുറിച്ച് കുടുംബവും സുഹൃത്തുക്കളും തിരിച്ചറിഞ്ഞുവെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലും അതാണ് സത്യമെന്നും ഏപ്രില്‍ പറയുന്നു. മകള്‍ അവളുടെ സ്വകാര്യ ജീവിതത്തില്‍ കടുത്ത വിഷാദരോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. അതവള്‍ എല്ലാവരില്‍ നിന്നും മറച്ചുവച്ചു, തന്നില്‍ നിന്നുപോലും- ഏപ്രില്‍ പറയുന്നു.
മകളുടെ ഈ ഭൂമിയിലുള്ള ജീവിതം ചെറുതായിരുന്നെങ്കിലും മനോഹരമായ നിരവധി ഓര്‍മകളാല്‍ സമ്പന്നമാണ്. അവളുടെ ചിരിയും തമാശയും പുല്‍കലുമൊക്കെ മിസ് ചെയ്യുന്നുണ്ട്. കുടുംബത്തിലെ പ്രധാന ഭാഗമായിരുന്നു മകളെന്നും അതാണ് ഈ നഷ്ടത്തെ ഏറെ ദുസ്സഹമാക്കുന്നതെന്നും ഏപ്രില്‍ പറയുന്നു.എല്ലാ ദിവസവും തങ്ങളെല്ലാവരും പരസ്പരം മെസേജ് അയക്കുകയും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു.
ചെസ്ലി തനിക്ക് മകളേക്കാള്‍ ഉപരി നല്ല സുഹൃത്തായിരുന്നു. അവളോട് സംസാരിക്കുന്നതായിരുന്നു തന്റെ ദിവസത്തിലെ ഏറ്റവും നല്ല ഭാഗം. ചെസ്ലിയെ അങ്ങേയറ്റം മിസ് ചെയ്യുന്നുവെന്നും എല്ലാവരും വീണ്ടും ഒന്നിക്കുന്ന ദിവസമെത്തുമെന്നും ഏപ്രില്‍ വികാരാധീനയായി പറയുന്നു.ആത്മഹത്യക്കു മുമ്പ് ചെസ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടെ- എന്നാണ് ചെസ്ലി കുറിച്ചത്.തന്റെ മാനസികാരോഗ്യം കൈവിട്ടുപോകാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് ചെസ്ലി നേരത്തേ പറഞ്ഞിരുന്നു. കൈവിടുന്ന ഘട്ടങ്ങളില്‍ കൗണ്‍സിലറിനോട് സംസാരിക്കാറുണ്ടെന്നും ചെസ്ലി പറഞ്ഞിരുന്നു.
ചെസ്ലിയുടെ മരണശേഷം കുടുംബവും പ്രസ്താവന പുറത്തുവിട്ടിരുന്നു. സ്‌നേഹിക്കപ്പെടുകയും മറ്റുള്ളവരെ സേവിക്കുകയും ചെയ്തിരുന്നയാളാണ് ചെസ്ലി എന്ന് കുടുംബം പറഞ്ഞു. അറ്റോര്‍ണിയായിരിക്കെ നീതി ഉറപ്പാക്കാനും മിസ് യു.എസ്.എ പദിവിയിലിരിക്കുമ്പോഴും എക്‌സ്ട്രായില്‍ അവതാരകയായിരിക്കുമ്പോഴും തന്റെ സേവനത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നയാളാണ് ചെസ്ലി എന്ന് കുടുംബം പറയുന്നു. അതിലെല്ലാമുപരി ഒരു മകള്‍, സഹോദരി, സുഹൃത്ത്, മെന്റര്‍, സഹപ്രവര്‍ത്തക എന്നീ നിലകളിലെല്ലാമുള്ള ചെസ്ലിയുടെ സ്വാധീനം തുടര്‍ന്നും നിലനില്‍ക്കുമെന്നും കുടുംബം അറിയിച്ചു.
2019-ലാണ് ചെസ്ലി സൗന്ദര്യറാണിപട്ടം ചൂടിയത്. സൗത്ത് കരോലൈന സര്‍വകലാശാല, വേക്ക് ഫോറസ്റ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ബിരുദംനേടി. രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാന്‍ അവര്‍ തടവുകാര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കിയിരുന്നു.