തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ നേതാക്കള്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് തുടര്‍ന്നതെന്നും രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക് ആവശ്യമില്ല. തന്റെ കാലത്ത് പ്രതിപക്ഷ ധര്‍മം നന്നായി നിര്‍വഹിച്ചു. കെപിസിസിയില്‍ അഴിച്ചുപണി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. സതീശന് എല്ലാവിധ പിന്തുണയും നല്‍കും. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായി മുന്നോട്ട് നയിക്കാന്‍ വി.ഡി സതീശന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനമെടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കും. ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.ക്രിയാത്മക പ്രതിപക്ഷമായി നില നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മഹാമാരി നേരിടുന്നതില്‍ സര്‍ക്കാറിന് നിരുപാധിക പിന്തുണ നല്‍കും. ദുരിതകാലത്ത് തമ്മിലടിക്കുന്നവരെ ജനം പുച്ഛിക്കും. ജനതാല്‍പര്യത്തിനാണ് പ്രാധാന്യമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ചെന്നിത്തല തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പുനഃസംഘടനാ നടപടിക്രമം അഖിലേന്ത്യാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയംതന്നെ അപമാനിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതെന്ന വികാരത്തിലാണ് രമേശ് ചെന്നിത്തലയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മാറ്റാൻ ഹൈക്കമാൻഡ് ഉദ്ദേശിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് ഒരു സൂചനയും നേരത്തെ നൽകിയില്ല?, എന്തിന് കാര്യങ്ങൾ ഇത്രയും വൈകിപ്പിച്ചു? എന്നൊക്കെയാണ് അദേഹത്തിന്റെ പക്ഷത്തുനിന്ന് ഉയരുന്ന ചോദ്യങ്ങൾ.
തോൽവിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് മുതിർന്ന നേതാക്കളെ ചെന്നിത്തല അറിയിച്ചിരുന്നതായി അദ്ദേഹത്തിന്റെ പക്ഷം ചൂണ്ടികാട്ടുന്നു. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളാകട്ടെ എല്ലാവരുംകൂടി മാറേണ്ട, രമേശ് തുടരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.
എ ഗ്രൂപ്പ് രമേശിനെ പിന്തുണയ്ക്കാൻ പൊതുവായ നിലപാടെടുത്തു. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തെക്കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ലാത്തതിനാൽ രമേശ് സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചു. എം.എൽ.എ.മാരുടെ മനസ്സറിയാൻ മല്ലികാർജുന ഖാർഗെയും വൈദ്യലിംഗവും വന്നപ്പോൾ ആദ്യം രമേശ് കണ്ടു. ഹൈക്കമാൻഡിന്റെ നിർദേശത്തെക്കുറിച്ച് ആരാഞ്ഞു. ഹൈക്കമാൻഡിന് തുറന്ന മനസ്സാണെന്നായിരുന്നു മറുപടി. എന്നാൽ എം.എൽ.എ. മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടപ്പോൾ സ്ഥിതി മാറി. ഭൂരിപക്ഷം എം. എൽ.എ.മാരും എം.പി.മാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മാറ്റംവേണമെന്ന നിലപാടെടുത്തു. എന്നാൽ ഇത് സംബന്ധിച്ചൊരു സൂചനയും രമേശിന് ഹൈക്കമാൻഡ് നൽകിയില്ല.
എന്നാൽ ദിവസങ്ങൾ പോകവെ കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയപ്പോൾ രമേശ് എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചു.അത് ആത്മഹത്യാപരമാണെന്നും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും തിരിച്ചറിഞ്ഞ് അദേഹം പിന്തിരിയുകയായിരുന്നു.