തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു.
വ്യത്യസ്ത മേല്‍വിലാസങ്ങളിലാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. ഇരിക്കൂരില്‍ 537 ഇതര മണ്ഡല വോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂര്‍ മണ്ഡലത്തിലുള്ള 127 പേര്‍ക്കും കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
കണ്ണൂരിലെ വിവിധ മണ്ഡലങ്ങളില്‍ ഇത്തരം നിരവധി വ്യാജ വോട്ടര്‍മാര്‍ ഉണ്ടെന്നും ചെന്നിത്തല വെളിപ്പെടുത്തി. ഒരു മണ്ഡലത്തിലും വ്യാജ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്. ക്രമക്കേടിന് കൂട്ടുനിന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ ഇ.ഡിക്ക് നല്‍കിയ മൊഴി ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പി. ശ്രീരാമകൃഷ്ണന്‍ ഉടന്‍ തന്നെ സ്പീക്കര്‍ പദവി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശ്രീരാമകൃഷ്ണന്‍ കട ഉദ്ഘാടനത്തിന് പോയത് സ്വപ്നയുമായുള്ള ബന്ധം കാരണമാണ്. അദ്ദേഹത്തിന്റെ കൈകള്‍ കളങ്കപ്പെട്ടു. സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത് ശരിയെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചത്. പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
91,60,601പുതിയ വോട്ടർ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേർത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടർമാരാണ്.ഉദുമയില്‍ ഒരാള്‍ക്ക് നാല് വോട്ടര്‍ ഐഡി കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു.ഉദുമ എഇആര്‍ഒയെ ആണ് സസ്പെന്‍ഡ് ചെയ്തത്.