തിരുവനന്തപുരം: സര്‍ക്കാരിനെ വെള്ള പൂശാന്‍ കോടികള്‍ ചിലവഴിച്ച് പരസ്യങ്ങള്‍ നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി സിപിഎം കോടികള്‍ വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ പത്രത്തില്‍ വരെ പരസ്യം നല്‍കി. ഏത് മലയാളിയാണ് ഗുജറാത്തിലെ പത്രം വായിക്കുന്നത്. പത്രത്തിന്റെ ഫോട്ടോകോപ്പി ഉയര്‍ത്തിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഗുജറാത്തി വായിക്കാന്‍ അറിയാത്തതുകൊണ്ട് പത്രത്തിന്റെ പേര് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കോടിക്കണക്കിന് രൂപയുടെ പരസ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയാണ്. ഇന്ത്യയ്ക്ക് അകത്തും ഇന്ത്യയ്ക്ക് പുറത്തും വിവിധ ഭാഷകളില്‍ പരസ്യം കൊടുക്കുകയാണ്. ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ മേഖലയും തകര്‍ത്ത ഒരു ജനവിരുദ്ധ സര്‍ക്കാരിനെ വെള്ളപൂശാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്വം എന്നും ചെന്നിത്തല ചോദിച്ചു.
200 കോടി രൂപയുടെ പരസ്യമാണ് ഈ സര്‍ക്കാര്‍ അവസാന കാലഘട്ടത്തില്‍ നല്‍കിയത്. അതില്‍ 57 കൂടി രൂപ കിഫ്ബിയില്‍ നിന്നായിരുന്നു. പരസ്യങ്ങള്‍ കൊടുത്തതിന്റെ ഉപകാരസ്മരണയാണ് ഇപ്പോള്‍ മാധ്യമ സര്‍വേകളിലൂടെ കാണാന്‍ കഴിയുന്നത് എന്നും ചെന്നിത്തല പറഞ്ഞു.