രണ്ടു വോട്ടു കിട്ടാന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കണ്ണൂര്‍: പാണക്കാട് കുടുംബത്തെക്കുറിച്ചുള്ള എ.വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന് തിരിച്ചടിയായിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍ നടത്തിയത് ഒറ്റ തിരിഞ്ഞുള്ള പ്രസ്താവനയല്ല. വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം സിപിഎം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ലീഗ് വിരുദ്ധ പരാമര്‍ശം സിപിഎമ്മിന് തിരിച്ചടിയായി. രണ്ട് വോട്ട് കിട്ടാന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. സിപിഎമ്മിന്റേത് നിലവാരം കുറഞ്ഞ നിലപാടാണ്. മുസ്ലിംങ്ങളെയാകെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കണ്ണൂരില്‍ എത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയം തന്നെയാണ്. സര്‍ക്കാര്‍ ശബരിമല സത്യവാങ്മൂലം തിരുത്തണമെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ ഇന്ന് ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ഇന്നത്തെ പൊതുയോഗങ്ങള്‍.വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖരുമായി രമേശ് ചെന്നിത്തല ഇന്ന് രാവിലെ ചര്‍ച്ച നടത്തും. കണ്ണൂര്‍ ജില്ലയിലെ യാത്ര ഇന്ന് പൂര്‍ത്തിയാകും. ചൊവ്വാഴ്ച വയനാട് ജില്ലയിലാണ് പര്യടനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News