ബസുകളില്‍ യാത്രാ കാര്‍ഡുകള്‍, സ്റ്റാന്‍ഡുകളില്‍ തെര്‍മല്‍ ക്യാമറകള്‍; ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങള്‍
തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്കു സാധ്യതയെന്നു റിപ്പോര്‍ട്ട്. ബസുകളില്‍ ഉള്‍പ്പെടെ യാത്രാ കാര്‍ഡുകള്‍, തിരക്കില്ലാത്ത യാത്രകള്‍, സ്റ്റാന്‍ഡുകളില്‍ തെര്‍മല്‍ കാമറകള്‍ എന്നിങ്ങനെ വലിയ മാറ്റങ്ങളാണ് പൊതു ഗതാഗത രംഗത്തുണ്ടാവുകയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്ക് ഡൗണിനു ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ടെന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പൊതു ഗതാഗതം തുടങ്ങുന്നതു സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷമേ സംസ്ഥാനം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഗതാഗത മന്ത്രി സി.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ഓഫീസ് സമയത്തെ തിരക്കു കുറയ്ക്കുകയെന്നതാണ് വലിയ വെല്ലുവിളി. ഇതിനു ഓഫിസ് സമയത്തില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാവരും ഒരേ സമയം ഓഫിസുകളില്‍ എത്തുന്ന രീതി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന.
യാത്രാക്കൂലിക്ക് കാര്‍ഡ് പേയ്മെന്റ് സംവിധാനമാണ് പരിഗണനയിലുള്ള മറ്റൊരു നിര്‍ദേശം. പണത്തിന്റെ നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. വണ്ടികളില്‍ കാഷ് ബോക്സുകള്‍ വയ്ക്കുന്നതും ആലോചിക്കുന്നുണ്ട്.
ഓരോ വണ്ടിയിലും യാത്ര ചെയ്തവരെ പിന്നീട് ആവശ്യമെങ്കില്‍ കണ്ടെത്താനാവും എന്നതാണ് കാര്‍ഡ് പെയ്മന്റു കൊണ്ടുള്ള നേട്ടം. മെട്രോയുടേതു പോലുള്ള കാര്‍ഡുകള്‍ ഇതിനായി ആവിഷ്‌കരിക്കാനാവും. യാത്രക്കാര്‍ക്കു ക്യുആര്‍ കോഡ് നല്‍കണ നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.
ബസുകളില്‍ നില്‍പ്പു യാത്ര അനുവദിക്കില്ല. എല്ലാ സീറ്റിലും യാത്രക്കാരെ കയറ്റുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ട്രെയിനുകളിലും മെട്രോയിലും സമാനമായ രീതിയില്‍ മാറ്റങ്ങളുണ്ടാവും. ടാക്സി, ഓട്ടോ സര്‍വീസ് പുനരാരംഭിക്കുന്നതിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.