എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ നിന്ന് 400 കോടിയിലധികം വായ്പയെടുത്ത സംഘം രാജ്യം വിട്ടതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള നിരവധി പൊതുമേഖലാ ബാങ്കുകളില്‍ നിന്നു 400 കോടിയിലധികം രൂപ വായ്പയെടുത്ത സംഘം രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായുള്ള ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമകളെയാണ് 2016 മുതല്‍ കാണാതായിരിക്കുന്നത്.
എസ്ബിഐയില്‍ നിന്നും 173.11 കോടി, കാനറ ബാങ്കില്‍ നിന്നും 76.09 കോടി, യൂണിയന്‍ ബാങ്കില്‍ നിന്നും 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 51.31 കോടി, കോര്‍പറേഷന്‍ ബാങ്കില്‍ നിന്നും 36.91 കോടി, ഐഡിബിഐ ബാങ്കില്‍ നിന്നും 12.27 കോടി എന്നിങ്ങനെയാണ് ഇവര്‍ വായ്പയെടുത്തത്. 2016ല്‍ കമ്ബനിയെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നു. നാലു വര്‍ഷതിനുശേഷം ഫെബ്രുവരി 25ന് എസ്ബിഐ പരാതി നല്‍കി. തുടര്‍ന്ന് രണ്ടാഴ്ചമുമ്ബ് സിബിഐ കേസ് ഫയല്‍ ചെയ്തു.
കമ്പനി ഉടമകളായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത, പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചന, കള്ള ഒപ്പിടല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ലിക്വിഡിറ്റി പ്രശ്നങ്ങള്‍ കാരണം കമ്ബനി അക്കൗണ്ട് 27-01-2016ല്‍ നിഷ്‌ക്രിയ 173.11 കോടി രൂപ കുടിശികയുമുണ്ട്.
2016ല്‍ ബാങ്ക് നടത്തിയ ഓഡിറ്റില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കൃത്രിമ ബാലന്‍സ് ഷീറ്റുണ്ടാക്കിയതായും ബാങ്ക് ഫണ്ടുകളുടെ ചിലവില്‍ പ്ലാന്റും മറ്റു യന്ത്രങ്ങളും നിയമവിരുദ്ധമായി നീക്കം ചെയ്തതായും കണ്ടെത്തി. അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റിയശേഷം 2016 ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ എസ്ബിഐ സംയുക്ത പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഉടമകളെ കണ്ടെത്താനായില്ലെന്നും ഇവര്‍ രാജ്യം വിട്ടതായും എസ്ബിഐ പരാതിയില്‍ പറയുന്നു.