തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് തുചരും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
വടക്കു തമിഴ്നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിച്ച് മധ്യ കിഴക്കൻ അറബി കടലിന് മുകളിൽ നവംബർ 8 നു ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
ഇടുക്കി ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ നാലിടത്ത് ഇന്നലെ രാത്രി ഉരുൾപൊട്ടി. ഏഴു വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഏക്കർ കണക്കിന് സ്ഥലം ഒലിച്ചു പോയി. ചേരിയാറിന് സമീപം വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. മണ്ണിടിച്ചിലിനെകുമളി മൂന്നാർ റൂട്ടിൽ ഉടുമ്പൻചോ, മുതൽ ചേരിയാർ വരെ രാത്രി യാത്ര നിരോധിച്ചു. ചേരിയാറിനു സമീപം വീടിന്റെ പുറകിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ചുമർ ഇടിഞ്ഞു വീണാണ് തങ്കപ്പൻ പാറ സ്വദേശി റോയി (55) മരിച്ചത്.
തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപെട്ടു. രാവിലെയാണ് ഇദ്ദേഹം സംഭവം അറിഞ്ഞത്. ശാന്തൻപാറ പേത്തൊട്ടിയിലും കള്ളിപ്പാറയിലും രാത്രി ഉരുൾപൊട്ടി. പേത്തൊട്ടി മുതൽ ഞണ്ടാർ വരെയുള്ള ഭാഗത്താണ് നാലിടത്താണ് ഉരുൾ പൊട്ടിയത്. മൂന്നു വീടുകൾ ഭാഗികമായി തകരുകയും നാലെണ്ണത്തിന് കേടുപാടി സംഭവിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങളും ഒലിച്ച് പോയി. മലവെള്ളപ്പാച്ചിലിൽ കൂറ്റൻ കല്ലുകളും വൻ മരങ്ങളും ഒഴുകിയെത്തിയതിനെ തുടർന്ന് ശാന്തൻപാറ ഞണ്ടാർ റോഡ് തകർന്നു. ഇതോടെ നിരവധി വീടുകൾ ഒറ്റപ്പെട്ടു. കുമളി മൂന്നാർ റോഡിൽ ചേരിയാർ മുതൽ ചതുരംഗപ്പാറ വരെയുളള ഭാഗത്ത് പലയിടത്ത് ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും മരം വീണു തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.