കോട്ടയം: നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സാമൂഹിക തിന്മകള്‍ക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാന്‍ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നാര്‍കോട്ടിക് ജിഹാദ് ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാള്‍ ദോഷമെങ്കില്‍ പിന്‍വലിക്കണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു. എല്ലാ മതാചാര്യന്മാര്‍ക്കും ഇത് ബാധകകമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റുകള്‍ ചൂണ്ടികാട്ടുമ്പോള്‍ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ല. മത സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് തിയഡോഷ്യസ് മേത്രോപ്പൊലീത്ത വ്യക്തമാക്കി.
കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൗഹാര്‍ദ്ദം ഉറപ്പിക്കണമെന്നും തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു. ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവണതയുണ്ടെങ്കില്‍ ദോഷകരം. പ്രസ്താവനകളുടെ പേരിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണം. ഉപയോഗിച്ച് കൂടാത്ത വാക്കാണ് പാലാ ബിഷപ്പ് പറഞ്ഞത്. പറയുന്ന കാര്യങ്ങളില്‍ സഭ നേതൃത്വം ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെ തള്ളി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത് വന്നിരിന്നു. പാലാ ബിഷപ്പ് മുമ്പും വര്‍ഗീയ പരാമര്‍ശം നടത്തിയതായി കന്യാസ്ത്രീകള്‍ പറഞ്ഞു. കുറവിലങ്ങാട്ടെ ചാപ്പിലാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. അന്നും തങ്ങള്‍ അതിനെ എതിര്‍ത്തുവെന്ന് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരിന്നു. ബിഷപ്പ് ഉയര്‍ത്തിയത് സാമൂഹിക തിന്മയ്ക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്താവനയില്‍ വ്യക്തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ പ്രതികരിക്കുകയുമാണ് ബിഷപ്പ് ചെയ്തതെന്നും ജോസ് കെ മാണി. അതേസമയം പ്രസ്താവനയില്‍ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശമില്ല. ഇന്ന് ദീപിക പത്രത്തിലെ പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള ലേഖനത്തില്‍ ജോസ് കെ മാണി നിശബ്ദദ പാലിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ.മാണി രംഗത്ത് വന്നിരുന്നത്.
നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ദീപികയില്‍ വീണ്ടും ലേഖനം പ്രസിദ്ധീകരിച്ചിരിന്നു. ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിച്ചായിരിന്നു ദീപിക ദിനപത്രത്തിലെ ലേഖനം. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിശിതമായി വിമര്‍ശിച്ചാണ് ലേഖനം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം തീവ്രവാദികളെ ഭയന്നാകാമെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും മുന്നറിയിപ്പ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എല്‍.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം.
പാലാ ബിഷപ്പിനെതിരെ വിമര്‍ശനവുമായി സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ പ്രസ്താവന പൊതുധാരണയ്ക്ക് വിരുദ്ധമാണെന്നാണ് സമസ്തയുടെ നിലപാട്. ഇതിനിടെ, കഴിഞ്ഞ ദിവസം പാലാ എംഎല്‍എ മാണി സി കാപ്പനും പാലാ അതിരൂപതയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. പരാമര്‍ശം വിശ്വാസികളോടാണ് നടത്തിയത്, അത് വിവാദമാക്കുകയാണ് ചിലരെന്നുമായിരുന്നു മാണി സി കാപ്പന്റെ വിശദീകരണം.
ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.