കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്.തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പിതാവിന്റെ തട്ടകമായ പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടും.സ്ഥാനാര്‍ത്ഥിത്വത്തിന് മുന്നോടിയായി അടുത്തിടെ കോട്ടയത്തു നടന്ന യൂത്ത്‌കോണ്‍ പ്രതിഷേധ പരിപാടികളില്‍ ചാണ്ടി ഉമ്മന്‍ സജീവമായി പങ്കെടുത്തിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.മുതിര്‍ന്ന നേതാവെന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ മകനെ അവഗണിയ്‌ക്കേണ്ടതില്ല എന്ന നിലപാടിലേക്ക് തന്നെയാണ് കോണ്‍ഗ്രസും എത്തിയിരിയ്ക്കുന്നത്.
തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിയ്ക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും, പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തോടെ കോട്ടയത്ത് യുഡിഎഫിന് ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയവും. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റു നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയും ചാണ്ടിക്കായി സമര്‍ദ്ദം ചെലുത്തുന്നുണ്ട്.
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളിയില്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്. ജോസ് കെ.മാണി മുന്നണി വിട്ട സാഹചര്യത്തില്‍ ഇക്കുറിയും യുഡിഎഫിന്റ കരുത്ത് ചോര്‍ന്നില്ലെന്ന് തെളിയിക്കണം. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായാല്‍ നിയമസഭയിലേക്കുള്ള ചാണ്ടി ഉമ്മന്റെ സ്റ്റാര്‍ട്ടിങ് പോയിന്റായി കണക്കാക്കുന്നവരും ഉണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചാണ്ടി ഉമ്മനെ കളത്തിലിറക്കുന്നതെന്നും സൂചനയുണ്ട്. അനാരോഗ്യം തിരിച്ചടിയായാല്‍ ഉമ്മന്‍ചാണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവില്ല.അങ്ങിനെയെങ്കില്‍ ജില്ലാപഞ്ചായത്തിലേക്ക് വിജയം നേടാനായാല്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ തേടേണ്ടതില്ലെന്ന സന്ദേശവും ഉമ്മന്‍ചാണ്ടി നല്‍കിയിട്ടുണ്ട്.