കൊച്ചി: മരട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് മുന്നില്‍ നിന്ന് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അടക്കം അധിക്ഷേപിച്ചുകൊണ്ടുള്ള ചണ്ഡാല ബാബയുടെ വീഡിയോ വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും ഉദ്യോഗസ്ഥരേയും അടക്കം വിമര്‍ശിക്കുന്ന ഈ വീഡിയോയില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുമുണ്ട്.
മരടില്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഫ്‌ളാറ്റിന്റെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് പറയുന്ന രമേശ് ചെന്നിത്തലയുടെ അപ്പന്റെ വകയാണോ സര്‍ക്കാര്‍ ഫണ്ട് എന്നിയാള്‍ ചോദിക്കുന്നു. 15 ലക്ഷം രൂപ ഒരു ദിവസം ചിലവാക്കി സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി പ്രത്യേകം വക്കീലിനെ കൊണ്ടുവരാന്‍ പോവുകയാണ് എന്നും ആ പണം പിണറായി വിജയന്റെ അപ്പൂപ്പനുണ്ടാക്കി വെച്ചതാണോ എന്നും ഇയാള്‍ ചോദിക്കുന്നു. എന്തുണ്ടായാലും ഉത്തരേന്ത്യയിലേക്ക് നോക്കാതെ കേരളത്തിലേക്ക് നോക്കൂ എന്നും നേതാക്കന്മാരെ ജനം ഉണ്ടാക്കുന്നതാണെന്നും പിണറായിയും ചെന്നിത്തലയുമൊന്നും പൊട്ടി മുളച്ചതല്ലെന്നും ചണ്ഡാള ബാബ എന്ന ഇയാള്‍ ആരോപിക്കുന്നു. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
പ്രളയം വന്ന് ആളുകള്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ശബരിമല വിഷയത്തില്‍ റിവ്യു പോകാന്‍ വയ്യെന്ന് പറഞ്ഞ സര്‍ക്കാര്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി റിവ്യൂ പോയെന്നും ഇയാള്‍ പറയുന്നു. മരടില്‍ ഫ്‌ളാറ്റ് ഉണ്ടെന്ന് പറയുന്ന ജോണ്‍ ബ്രിട്ടാസിന് അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ എന്ത് നടക്കുന്നു എന്നറിയാനേ താല്പര്യം കാണിച്ചുളളൂ എന്നും ഇവിടെ എന്ത് നടക്കുന്നു എന്ന് അറിയില്ലെന്നും ഇയാള്‍ പറയുന്നു. മരടിലെ ഫ്ളാറ്റുകള്‍ ഉടന്‍ പൊളിച്ചില്ലെങ്കില്‍ ചണ്ഡാള ബാബ ആരാണ് എന്ന് സര്‍ക്കാരും അറിയുമെന്നും ഇയാള്‍ വീഡിയോയിലൂടെ ഭീഷണി മുഴക്കുന്നു.
മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ഇവിടുത്തെ സാധാരണക്കാരന്റെ കണ്ണുനീര്‍ ഒപ്പിയിട്ടില്ല, കണ്ണീര്‍ ഒപ്പുമായിരുന്നെങ്കില്‍ തീരദേശ നിയമം സംരക്ഷിക്കുമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിരവധിക്കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പറയുന്ന ചണ്ഡാള ബാബ സര്‍ക്കാരിന് ധാര്‍മ്മികതയെക്കുറിച്ച് പറയാന്‍ എന്താണ് അവകാശമുള്ളതെന്നും ചോദിക്കുന്നു. 2003ല്‍ മുത്തങ്ങയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ചപ്പോള്‍ ആ അഞ്ഞൂറോളം വരുന്ന കുടുംബങ്ങള്‍ എങ്ങോട്ട് പോകുമെന്ന് ആരും ചിന്തിച്ചില്ലെന്നും അവരാണ് ഇന്ന് മരടിലെ ഫ്ളാറ്റുടമകള്‍ക്ക് വേണ്ടി വാദിക്കുന്നതെന്നും ചണ്ഡാള വാവ പറയുന്നു.
എന്നാല്‍, വീഡിയോ വിവാദമായതിന് ശേഷം തനിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു വീഡിയോയും ഇയാള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഖജനാവിലെ പണമെടുത്ത് ആര്‍ക്കെങ്കിലും കൊടുക്കാമെന്ന് കരുതിയാല്‍ അപ്പൂപ്പന് മാത്രമല്ല അപ്പനും അമ്മൂമ്മയ്ക്കും അടക്കം പറയുമെന്നും ഇയാള്‍ പറയുന്നു.