കൊച്ചി: കെ.എസ്.ആര്‍.ടി.സി. ബസില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍. വടക്ക് തെരുവ് കോവില്‍പെട്ടി ശങ്കരന്‍ കോവിലിലെ പാര്‍വതി (30), ലക്ഷ്മി (28) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തത്.
മൂവാറ്റുപുഴ-കലൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി.യില്‍ ചൊവ്വാഴ്ച 12-ഓടെയാണ് സംഭവം. കാക്കനാട് അത്താണിയില്‍ നിന്നും കയറിയ മേരിയെന്ന വീട്ടമ്മയുടെ രണ്ടുപവന്‍ മാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് കണ്ടക്ടറുടെ ഒറ്റചോദ്യത്തില്‍ പൊളിഞ്ഞത്.
വീട്ടമ്മ കാക്കനാട് ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ നേരത്തായിരുന്നു ‘ചേച്ചി, കഴുത്തില്‍ നേരത്തേ മാല ഉണ്ടായിരുന്നോ’ എന്ന കണ്ടക്ടറുടെ ചോദ്യം എത്തിയത്. അപ്പോഴാണ് മേരിയും തന്റെ മാല കാണാനില്ലെന്ന് അറിയുന്നത്.
പുത്തന്‍കുരിശ് നിന്നുകയറിയ തമിഴ്നാട് സ്വദേശിനികളായ നാടോടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. മേരിയെ നിരീക്ഷിച്ച സംഘം കാക്കനാട് സ്റ്റോപ്പില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ ചുറ്റുമെത്തി തിക്കും തിരക്കും ഉണ്ടാക്കുന്നത് കണ്ടക്ടര്‍ ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ മാല മോഷ്ടിച്ചോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതിനാലാണ് കഴുത്തിലെ മാലയുടെ കാര്യം ഇവരോട് ചോദിച്ചത്. മാലയില്ലെന്നും ബസില്‍ നഷ്ടമായെന്നും പറഞ്ഞതോടെ ഉടന്‍ തന്നെ ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ഒരുങ്ങി.
ഇതിനുപിന്നാലെ തമിഴ്നാട് സ്വദേശിനികളായ സ്ത്രീകള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഓടിയ മേരി ഒരു നാടോടി സ്ത്രീയെ പിടികൂടി. ഇതോടെ ഇവരുടെ സഹായത്തിന് നാട്ടുകാരും എത്തി. രണ്ടുപേരെയും പിടികൂടി തൃക്കാക്കര പോലീസിന് കൈമാറി.