വയോധികയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞയാള്‍ വേഷം മാറി മാപ്പു പറയാനെത്തി,വളഞ്ഞിട്ട് പിടിച്ച് പോലീസ്,സംഭവം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പോലീസ് വളഞ്ഞിട്ട് പിടികൂടി ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടികൂടിയത്.

രണ്ടാർകരയിലുള്ള പലചരക്കുകടയിൽ കഴിഞ്ഞ ശനിയാഴ്ച സാധനം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി കട നടത്തിപ്പുകാരിയായ വയോധികയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞശേഷം ഒന്നരപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു ഇയാൾ. കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.

തുടര്‍ന്ന് മുവാറ്റുപുഴ ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം ഇടുക്കി ഉടുമ്പന്നൂർ ഉള്ള മോഷ്ടാവിന്‍റെ വീട്ടിൽ എത്തുകയും ചെയ്തു. കുടുംബസമേതം വേളാങ്കണ്ണിക്ക് മുങ്ങിപോയ പ്രതിയെ തിരക്കി പ്രതിയുടെ ഭാര്യവീടായ വാഗമൺ ഭാഗത്തും അന്വേഷണം നടത്തിയിരുന്നു.

തന്നെ തിരിച്ചറിഞ്ഞതിനാല്‍ ഉടനെ പിടികൂടുമെന്ന് മനസിലാക്കിയ ഇയാള്‍ വേഷം മാറി ചെവ്വാഴ്ച മാല നഷ്ടപെട്ട ആളുടെ വീട്ടിൽ ക്ഷമ പറയാൻ കുടുംബസമേതം എത്തുകയായിരുന്നു. പിൻതുടർന്നെത്തിയ മുവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയതു. ഇടുക്കി ഉപ്പുതറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത മോഷണകേസിലെ പ്രതിയുമാണ് ഇയാള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News