ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാര്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ ചീഫ് ജസ്റ്റീസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
രോഗ വ്യാപനം വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, വിവര്‍ത്തക അന്യ മല്‍ഹോത്ര എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പിഴയോട് കൂടി ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു.
രാഷ്ട്രപതി ഭവന്‍മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ രാജ്പഥ് പാതയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് 20,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറ് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
എന്നാല്‍, 971 കോടി ചെലവില്‍ നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരം രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-ല്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.