ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗനിർദ്ദേമാണ് പുതുക്കിയത്.
രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർക്ക് ഇനിമുതൽ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.
കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറന്‍റൈൻ, ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്‍റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് 3,26,03,188 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,988 പേർ കൂടി രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,44,899 ആയി.
അതേസമയം പുതിയ കേസുകളിൽ 67 ശതമാനവും കേരളത്തിന് നിന്നാണ്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിന്റെ കർശന നിർദേശം. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.