തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രാജ്യത്ത് അനുവദിച്ച 72 പുതിയ ഓക്‌സീജന്‍ പ്ലാന്റില്‍ മൂന്നെണ്ണമാണ് കേരളത്തിന് ലഭിച്ചത്.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാല ജനറല്‍ ആശുപത്രി,ആലപ്പുഴ ബീച്ച് ആശുപത്രി എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചു.
ഈ മാസം 31ന് ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കും.ആശുപത്രികളോട് ചേര്‍ന്ന് അനുബന്ധ സ്ഥലം കണ്ടത്തേണ്ടതും അതു പ്രവര്‍ത്തിപ്പിക്കേണ്ടതും സംസ്ഥാനമാണ്.
കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്‌സിജനും സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണം.
കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി 86 ടണ്‍ മാത്രമാണ് അവശേഷിക്കുന്നത്. മെയ് 15 ന് സംസ്ഥാനത്തെ രോഗികള്‍ ആറ് ലക്ഷത്തില്‍ എത്താമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4 ലക്ഷമാണ്. സംസ്ഥാനത്തെ ഗുരുതര സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രി കത്തയച്ചത്.
കൂടുതല്‍ ശേഖരത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ തമിഴ്‌നാടിന് കൊടുത്തതായും മുഖ്യമന്ത്രി പറയുന്നു. തമിഴ്നാടിന് 40 മെട്രിക് ടണ്‍ ദിനംപ്രതി സംസ്ഥാനം നല്‍കിയിരുന്നു. 219 ടണ്‍ മെട്രിക് ഓക്‌സിജനാണ് നിലവില്‍ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തെ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം. ലിക്വിഡ് ഓക്‌സിജന്‍ ഉപയോഗിക്കേണ്ട രോഗികളുടെ എന്നതില്‍ വന്‍ വര്‍ധനവാണ് ഉള്ളതെന്ന് കത്തില്‍ ചൂണ്ടികാണിക്കുന്നു.