NationalNews

കേരളത്തില്‍ ഉയര്‍ന്ന കൊവിഡ് രോഗികള്‍; മോക് ഡ്രില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ഭൂരിഭാഗം കൊവിഡ് കേസുകള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ രോഗബാധിതരില്‍ 26.4 ശതമാനവും കേരളത്തിലാണ്.

മഹാരാഷ്ട്ര- 21.7%, ഗുജറാത്ത്- 13.9%, കര്‍ണാടക- 8.6%, തമിഴ്‌നാട്- 6.3% എന്നിങ്ങനെയാണ് കണക്ക്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ഏപ്രില്‍ 11, 12 തീയതികളില്‍ മോക് ഡ്രില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയ്യാറാക്കിയ നിര്‍ദേശങ്ങളാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതു നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണോയെന്ന് വിലയിരുത്താനായി എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ മോക്ഡ്രില്ലില്‍ പങ്കെടുക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

മരുന്നുകള്‍, കിടപ്പുരോഗികള്‍ക്കായുള്ള കിടക്കകള്‍, മെഡിക്കല്‍ സാമഗ്രികള്‍, ഓക്‌സിജന്‍ എന്നിവയുടെ ലഭ്യതയും മോക് ഡ്രില്ലില്‍ വിലയിരുത്തും. മാര്‍ച്ച് 27 ന് സംസ്ഥാനങ്ങളുമായി നടക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മോക്ഡ്രില്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കും. ചില സംസ്ഥാനങ്ങള്‍ വേണ്ട കൊവിഡ് പരിശോധനകള്‍ നടത്തുന്നില്ലെന്നും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കണമെന്നും നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button