യുവനടി യാഷിക ആനന്ദിനെതിരെ അറസ്റ്റ് വാറൻ്റ്; കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ്
ചെന്നൈ:തെന്നിന്ത്യൻ നായിക യാഷിക ആനന്ദിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ചെങ്കൽപ്പട്ട് കോടതി. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന വാഹനാപകടക്കേസിലാണ് യാഷിക ആനന്ദിനെതിരെ വാറൻ്റ് പുറപ്പെടുവിച്ചത്. മുൻനിര നായികയായി വളർന്നുവരുന്ന താരമാണ് യാഷിക ആനന്ദ്. ഗ്ലാമറസ് റോളുകളിലൂടെ വളരെ പെട്ടെന്നു തന്നെ ആരാധകരെ നേടിയ താരം വീണ്ടും സിനിമയിൽ സജീവമാകുമ്പോഴാണ് കോടതി നടപടി.
2022 ജൂലൈയിൽ തമിഴ്നാട്ടിലെ പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെ മഹാബലിപുരത്ത് വെച്ച് യാഷിക ആനന്ദ് സഞ്ചരിച്ചിരുന്ന കാറ് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിൽ ഇടിക്കുകയായിരുന്നു. നടിയുടെ സുഹൃത്ത് വള്ളിസെട്ടി ഭവാനി സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടിരുന്നു. മഹാബലിപുരത്തെ അപകടത്തിൽ യാഷിക ആനന്ദിനും ഗുരുതരമായി പരിക്കേറ്റു. സുഷുമ്നാ നാഡിയിൽ വലിയ ശസ്ത്രക്രിയ നടത്തി മാസങ്ങളായി വിശ്രമത്തിലായിരുന്നു. സുഖം പ്രാപിച്ച ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരമിപ്പോൾ.
അപകടത്തിനു ശേഷം വിശ്രമത്തിലായിരുന്ന യാഷിക ആനന്ദ് സോഷ്യൽ മീഡിയയിൽ തൻ്റെ അവസ്ഥ പങ്കുവെച്ചിരുന്നു. വലതുകാലിൽ ഒട്ടേറെ ഒടിവുകളുണ്ടെന്നും ശരീരത്തിൽ പല ഭാഗത്തും എല്ലുകൾക്കു ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും ഒട്ടേറെ ശസ്ത്രക്രിയകൾക്കു ശേഷമുള്ള വിശ്രമത്തിലാണ് താനിപ്പോഴുമെന്നും ഇൻസ്റ്റാഗ്രാമിലൂടെ യാഷിക ആരാധകരെ അറിയിച്ചിരുന്നു. അടുത്ത അഞ്ച് മാസത്തേക്ക് എഴുന്നേറ്റുനിൽക്കാനോ നടക്കാനോ കഴിയില്ല. ദിവസം മുഴുവൻ കിടക്കയിൽ തന്നെയാണ്. ഇവിടെ കിടന്നാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതും. ഒന്നു ചരിയാൻ പോലും കഴിയാതെ അനങ്ങാൻ പറ്റാതായിട്ട് നാളുകളായി.
ശരീരത്തിൻ്റെ പിൻഭാഗത്ത് നിറയെ പരിക്കേറ്റിട്ടുണ്ടെങ്കിലും ഭാഗ്യത്തിന് മുഖത്തിന് ഒന്നും സംഭവിച്ചില്ലെന്നും താരം അന്നു പറഞ്ഞിരുന്നു. സത്യത്തിൽ ഇതെൻ്റെ പുനർജന്മമാണ്. ശാരീരികമായും മാനസികമായും മുറിവേറ്റു. ദൈവം എന്നെ ശിക്ഷിച്ചു, പക്ഷേ എനിക്ക് നഷ്ടമായതിന് മുന്നിൽ ഇതൊന്നുമല്ല എന്ന് യാഷിക കുറിച്ചിരുന്നു. കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞുകൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ കുറ്റബോധം തോന്നുന്നുവെന്നും നേരത്തെ താരം കുറിച്ചു.
പ്രഭുദേവ നായകനായെത്തിയ സൊക്കോളജിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രം ബഗീരയിലൂടെ വീണ്ടും യാഷിക വെള്ളിത്തിരയിലെത്തി. ഇപ്പോൾ നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയാണ് താരം. കവലൈ വേണ്ടാം എന്ന തമിഴ് ചിത്രത്തിലൂടെയാണ് യാഷിക അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. റഹ്മാൻ നായകനായി ഏറെ ശ്രദ്ധ നേടിയ ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
പിന്നീട് അഡൾട്ട് കോമഡി ചിത്രമായെത്തിയ ഇരുട്ട് അറയിൽ മുരട്ട് കുത്തിലൂടെയാണ് ഗ്ലാമറസ് താരമനായി യാഷിക മാറുന്നത്. സോംബി, ബെസ്റ്റി, കടമൈ സെയ് തുടങ്ങിയ ചിത്രങ്ങളിൽ നായികയായി. ഐറ്റ് സോംഗുകളിലൂടെയും വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇവൻ താൻ ഉത്തമൻ, രാജ ഭീമ, പാമ്പാട്ടം, സൾഫർ തുടങ്ങിയ ചിത്രങ്ങളാണ് ഇനി യാഷികയുടേതായി എത്തുന്ന സിനിമകൾ. മിനിസ്ക്രീനിലും തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്ന യാഷിക.