KeralaNews

കേരളത്തിന് 1276 കോടിയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി: റവന്യു കമ്മി പരിഹരിക്കാന്‍ 14 സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായത്തിന്റെ ഈ മാസത്തെ ഗഡുവായി 6195.08 നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര ധനമന്ത്രാലയം. 1276.91 കോടിയാണ് കേരളത്തിന്റെ വിഹിതം. 2020-21ലെ റവന്യു കമ്മി പരിഹരിക്കാന്‍ കേരളത്തിന് മൊത്തം 15,323 കോടി രൂപ നല്‍കണമെന്നാണു 15ാം ധനകാര്യ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്.

അതേസമയം, ലോക്ക് ഡൗണില്‍ ആവശ്യമായ ഇളവുകളെക്കുറിച്ച് 15നകം നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണവിധേയമാവാത്ത സ്ഥിതിയില്‍ 17നു ശേഷവും ഇളവുകളോടെ ലോക്ഡൗണ്‍ തുടരേണ്ടിവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ട്രെയിന്‍ സര്‍വീസ് പുനരാംരംഭിക്കുന്നതിനോട് ചില മുഖ്യമന്ത്രിമാര്‍ വിയോജിച്ചു. തല്‍ക്കാലം ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുന്നതെന്നും മറ്റു സര്‍വീസുകള്‍ക്കുള്ള വിലക്കു തുടരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉദ്ദേശിച്ചും വ്യവസായ-തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തുമാണ് ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുന്നത്.

ഗുരുതര പ്രശ്‌നങ്ങളുള്ള മേഖലകളില്‍ കര്‍ശന ലോക്ഡൗണും മറ്റു സ്ഥലങ്ങളില്‍ അകല വ്യവസ്ഥയുള്‍പ്പെടെ രോഗ വ്യാപന പ്രതിരോധ നടപടികള്‍ മാത്രവുമെന്നതാണ് പരിഗണനയില്‍. അപ്പോഴും, സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടേതായ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരാനുള്ള അനുമതി നല്‍കും. ഓണ്‍ലൈന്‍ പഠന രീതി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി സൂചിപ്പിച്ചതായി അറിയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button