ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇതിനായി മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.
2020 സെപ്റ്റംബര്‍ 30 ന് അണ്‍ലോക്ക് 5 ന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ഒക്ടോബര്‍ 15 ന് ശേഷം ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ്. ആ ഉത്തരവ് ഇപ്പോഴും നില നില്‍ക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് സ്‌കൂളുകള്‍ തുറക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതനുസരിച്ച് വിശദമായ മാര്‍ഗരേഖ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി സ്‌കൂളുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
കേന്ദ്ര അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചിരുന്നു. ഘട്ടംഘട്ടമായാകും വിദ്യാലയങ്ങള്‍ തുറക്കുക. കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടേയും തീരുമാനം അനുസരിച്ചാകും തുറക്കുക എന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഡിജിറ്റല്‍ പഠനത്തില്‍ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം മൂലം 36 ശതമാനം പേര്‍ക്ക് തലവേദനയാണ്. 28 ശതമാനം പേര്‍ക്ക് കണ്ണിനും 36 ശതമാനം പേര്‍ക്ക് കഴുത്തിനും പ്രശ്നങ്ങളുണ്ട്. എസ് സി ഇആര്‍ടിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ സ്‌കൂള്‍ തുറക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് ആദ്യം വേണ്ടത് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയെന്നതാണ്. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേന്ദ്രനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തന്നെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.