ന്യൂഡല്‍ഹി: പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് സ്‌കൂളുകള്‍ക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന ഇ-പരീക്ഷ പോര്‍ട്ടല്‍ തുറന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ). മേയ് ഒന്നാം തീയതി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശപ്രകാരം എല്ലാ സ്‌കൂളുകള്‍ക്കും 10-ാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ https://www.cbse.gov.in/newsite/reg2021.html/www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം.
കൊവിഡ്-19 രോഗബാധ മൂലം പത്താക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കിയ സിബിഎസ്.ഇ, പ്രത്യേക മൂല്യനിര്‍ണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്‌മെന്റുകളുടെ മാര്‍ക്കും അപ്ലോഡ് ചെയ്യാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടത്. ആകെ 100 മാര്‍ക്കിലാകും ഫലം.
ജൂണ്‍ അഞ്ചിനകം എല്ലാ സ്‌കൂളുകളും മാര്‍ക്ക് അപ്ലോഡ് ചെയ്യണം. ഒരിക്കല്‍ അപ്ലോഡ് ചെയ്ത ഫലം പിന്നീട് തിരുത്താന്‍ കഴിയില്ല. ജൂണ്‍ മൂന്നാവാരത്തോടെയാകും ഫലപ്രഖ്യാപനം. വിദ്യാര്‍ഥികള്‍ക്ക് ഇ-പരീക്ഷാ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒബ്ജക്ടീവ് രീതിയിലുള്ള കംപാര്‍ട്ട്‌മെന്റ് പരീക്ഷയും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.