സി.ബി.എസ്.ഇ. പുനർമൂല്യനിർണയം തുടങ്ങി, ഉപയോഗിക്കുന്നത് സ്വന്തം പോർട്ടൽ

ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കു വഴിവെച്ച സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയം തുടങ്ങി. ഓൺസ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) വഴി ഡിജിറ്റൽ മൂല്യനിർണയംതന്നെയാണ് നടത്തുന്നതെങ്കിലും നേരത്തേ പരാതിക്കിടയാക്കിയ സ്വകാര്യ കരാർ കമ്പനിയെ ഒഴിവാക്കി. ഐ.ഐ.ടി. വിദഗ്ധസംഘത്തിന്റെ സഹായത്തോടെ വികസിപ്പിച്ച സ്വന്തം പോർട്ടൽ ഉപയോഗിച്ചാണ് സി.ബി.എസ്.ഇ.യുടെ പുനർമൂല്യനിർണയം.

സ്വകാര്യകമ്പനിയുടെ പോർട്ടലിനെക്കാൾ ലളിതമാണ് സി.ബി.എസ്.ഇ.യുടേതെന്നാണ് അധ്യാപകരുടെ അഭിപ്രായം. മുൻപത്തേതിൽനിന്നു വ്യത്യസ്തമായി സ്വന്തം സെർവറുകളിലാണ് ബോർഡ് ഡേറ്റ സൂക്ഷിക്കുന്നത്.

1.6 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുമായി അപേക്ഷിച്ചിട്ടുള്ളത്.

വിദ്യാർഥികൾക്ക് ആദ്യം ലഭിച്ചിരുന്ന മാർക്ക് പുനർമൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് അറിയാനാവില്ല. സുതാര്യതയുറപ്പാക്കാനാണിതെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, ഉത്തരക്കടലാസുകളുടെ പകർപ്പിനായി പണമടച്ചിട്ടും ലഭിച്ചില്ലെന്നും അതുകാരണം പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ സാധിച്ചില്ലെന്നും ചില വിദ്യാർഥികൾ പരാതിപ്പെട്ടു. ഇക്കാര്യത്തിൽ സി.ബി.എസ്.ഇ. പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News