ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട് നടന്നെന്ന് സിബിഐ സുപ്രീം കോടതിയില്‍. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ കോടതിയെ അറിയിച്ചു.
പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സിബിഐയുടെ വാദം. സിബിഐ ഇതുവരെ നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അധോലോക ബന്ധമുള്ള ഇടപാട് പദ്ധതിയുടെ ഭാഗമായി നടന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ലക്ഷ്യമായിരുന്നു. അതിനാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്നും സിബിഐ മറുപടി സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചു.
സിബിഐ ഫയല്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ലൈഫ് മിഷന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനെ സിബിഐ ശക്തമായി എതിര്‍ത്തു. എഫ്ഐആര്‍ റദ്ദാക്കിയാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനമാകുമെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്.