കേരളത്തിലെ ഒരു തലമുറയെ മുഴുവന്‍ സിബിഐയുടെ ആരാധകരാക്കുകയും സൂക്ഷമതയോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ പരിശീലിപ്പിക്കുകയും ചെയ്ത സേതുരാമയ്യര്‍ അഞ്ചാം വരവിനായി തയാറായി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. സിനിമയുടെ സാങ്കേതികവിദ്യയിലും ക്രൈം ത്രില്ലര്‍ സിനിമകളുടെ അപ്രോച്ചിലും ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ സേതുരാമയ്യര്‍ വീണ്ടുമെത്തുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ ആകാംഷയും ഉയരുകയാണ്.
സിബിഐ 5 ദി ബ്രെയിന്‍ എന്ന സിനിമ എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ടീസര്‍ എങ്കിലും കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നതിനിടെ ആ അറിയിപ്പുമായി മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. ടീസറിനായി അധികം കാത്തിരിക്കേണ്ടെന്നും നാളെ വൈകീട്ട് അഞ്ച് മണിക്ക് സിബിഐ അഞ്ചാം പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നുമാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാകും ടീസര്‍ പുറത്തിറങ്ങുക.
കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസിക്കും നിര്‍വഹിക്കും.
മുന്‍ സേതുരാമയ്യര്‍ സിനിമകളിലെ താരങ്ങളില്‍ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില സുപ്രധാന താരങ്ങള്‍ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം. ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, ആശാ ശരത്, സൗബിന്‍ ഷാഹിര്‍, കനിഹ തുടങ്ങി വമ്പര്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.
32 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളാണ് ഇതുവരെ പരമ്പരയില്‍ പുറത്തിറങ്ങിയത്. ഈ സിനിമയോടെ സേതുരാമയ്യര്‍ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.