KeralaNews

ശബരിമലയില്‍ വി.ഐ.പികളുടെ പേരില്‍ വ്യാജ ബില്‍, അറ്റകുറ്റപ്പണി ജോലികളില്‍ നാല് കോടിയുടെ അഴിമതി; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഹൈക്കോടതി കേസെടുത്തു

കൊച്ചി: ശബരിമല ഗെസ്റ്റ് ഹൗസില്‍ താമസിക്കാനെത്തുന്ന വിഐപികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ബില്‍ ഉണ്ടാക്കിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തു. ശുചിമുറി നിര്‍മാണം സംബന്ധിച്ചു ക്രമക്കേടിനെതിരെയും കേസെടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണി ജോലികളില്‍ നാല് കോടി രൂപയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്.

ഇതടക്കമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിലാണു കേസ്. സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയവരില്‍നിന്നു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിശദീകരണം തേടി. ഗെസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഭക്ഷണം നല്‍കിയ വകയില്‍ പെരുപ്പിച്ച ബില്‍ നല്‍കുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശബരിമല സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ ഭക്ഷണത്തിന്റെ ചെലവ് സ്വയം വഹിക്കണം.

എന്നാല്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ശബരിമലയില്‍ ഇല്ലാതിരുന്ന സമയത്തുപോലും അദ്ദേഹത്തിന്റെ ഭക്ഷണ ചെലവ് രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ഗെസ്റ്റ് ഹൗസിന്റെ ചെലവ് ഓഡിറ്റ് ചെയ്തിട്ടില്ല. വ്യാജ ബില്ലുമായി ബന്ധപ്പെട്ടു വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിലും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സൗജന്യമായി ശുചിമുറികള്‍ നിര്‍മിക്കാമെന്നു കര്‍ണാടക സ്വദേശി അറിയിച്ചെങ്കിലും പരിപാലനച്ചെലവും വഹിക്കണമെന്നു പറഞ്ഞ് അദ്ദേഹത്തെ ദേവസ്വം ഒഴിവാക്കി. താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മിച്ചത് ടെന്‍ഡര്‍ ക്ഷണിക്കാതെയാണ്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button