പത്തനംതിട്ട: മലയാലപ്പുഴയിൽ മൂന്ന് പേരെ പൂട്ടിയിട്ട കേസിൽ പ്രതികളായ മന്ത്രവാദിനി ശോഭനയും കൂട്ടാളി ഉണ്ണികൃഷനും കീഴടങ്ങി. നാട്ടിലെ സിപിഎം പ്രവർത്തകരും പോലീസും ചേർന്നായിരുന്നു തടവിലാക്കപ്പെട്ട മൂന്ന് പേരെയും മോചിപ്പിച്ചിരുന്നത്. എന്നാൽ ഈ സമയത്ത് ശോഭനയും ഉണ്ണികൃഷ്ണനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ബുധനാഴ്ചയായിരുന്നു സംഭവം.
രണ്ട് ദിവസം ആയി പ്രതികൾ ഒളിവിൽ ആയിരുന്നു. ഒളിവിലായിരുന്ന പ്രതികളെ കുറിച്ച് പോലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മലയാലപ്പുഴ പോലീസ് സ്റ്റേഷനൽ പ്രതി കീഴടങ്ങിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ടത്. ഇലന്തൂർ നരബലി പുറത്ത് വന്ന സമയത്താണ് ശോഭനക്കെതിരെയും നടപടി വന്നത്. അങ്ങിനെ ജയിലിലായി.
ഈ സമയത്താണ് സാമ്പത്തിക ഇടപാട് കേസിൽ അനീഷും ജയിലിലാകുന്നത്. ഇവിടെവെച്ച് ഉണ്ണികൃഷ്ണനും അനീഷും പരിചയപ്പെടുന്നത്. പിന്നാലെ സാമ്പത്തിക പ്രശ്നങ്ങൾ തീക്കാൻ അനീഷിനെയും കുടുംബത്തേയും മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച് താമസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റുമായി അനീഷിന് പണം നൽകിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ പെട്ടെന്ന് കൊടുക്കാൻ ഉണ്ടായിരുന്നില്ല. പിന്നാലെയാണ് അനീഷിന്റെ ഭാര്യയേയും അമ്മയേയും ഏഴ് വയസുള്ള കുട്ടിയേയും തടവിലാക്കിയത്.
അവരെ ഉപദ്രവിച്ചിരുന്നെന്നും വളരെയധികം പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ നിലവില സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് സാധ്യത. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നാണ് കുടുംബം പറഞ്ഞത്. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിൻ്റേയും നെഞ്ചിൽ ചവിട്ടുന്നതിൻ്റേയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ.