InternationalNationalNews

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലി, മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസ്

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികരോട് മോശമായി പെരുമാറിയതിനും ശൗചാലയത്തില്‍ പുകവലിച്ചതിനും അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. എയര്‍ ഇന്ത്യയുടെ ലണ്ടന്‍- മുംബൈ വിമാനത്തിലാണ് സംഭവം. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ രമാകാന്തി(37)നെതിരെയാണ് മുംബൈ സഹര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ചയാണ് കേസിന് ആധാരമായ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമവും എയര്‍ ക്രാഫ്റ്റ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.

‘പ്രതി വിമാനത്തിന്റെ ശൗചാലയത്തില്‍ പോയതുമുതല്‍ ഫയര്‍ അലാം ശബ്ദിക്കാന്‍ തുടങ്ങി. ഇതുകേട്ട് വിമാനത്തിലെ ജീവനക്കാര്‍ ശൗചാലയത്തിന് അടുത്തേക്ക് പോയപ്പോള്‍, കൈയില്‍ സിഗരറ്റുമായി നില്‍ക്കുന്ന രമാകാന്തിനെയാണ് കണ്ടത്. ഇയാളുടെ കൈയില്‍ നിന്ന് സിഗരറ്റ് പിടിച്ചുവാങ്ങി. ഇതില്‍ ദേഷ്യപ്പെട്ട് ഇയാള്‍ ജീവനക്കാരോട് മുഴുവന്‍ ആക്രോശിക്കാന്‍ ആരംഭിച്ചു. ഒരുവിധത്തില്‍ ഇയാളെ സീറ്റില്‍ എത്തിച്ചു. കുറച്ചുകഴിഞ്ഞ് ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇയാളുടെ പ്രവൃത്തികള്‍ കണ്ട് മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി. ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവാതെ ആക്രോശിക്കുന്നത് തുടര്‍ന്നു. കൈകാലുകള്‍ കെട്ടിയാണ് പിന്നീട് സീറ്റിലിരുത്തിയത്’, വിമാന ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.

‘എന്നിട്ടും അടങ്ങാതിരുന്ന ഇയാള്‍, തലയിട്ടടിക്കാന്‍ തുടങ്ങി. യാത്രക്കാരിലൊരാള്‍ ഡോക്ടറായിരുന്നു. അദ്ദേഹം വന്ന് രമാകാന്തിനെ പരിശോധിച്ചു. ഈ സമയത്ത്, തന്റെ ബാഗില്‍ ഏതാനും മരുന്നുകളുണ്ടെന്ന് രമാകാന്ത് പറഞ്ഞു. അതിനായി പരിശോധനടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പകരം ഒരു ഇ- സിഗരറ്റായിരുന്നു കണ്ടെടുക്കാന്‍ സാധിച്ചത്’, പോലീസ് വിശദീകരിച്ചു.

വിമാനം താഴെയിറക്കിയ ശേഷം രമാകാന്തിനെ സഹര്‍ പോലീസിന് കൈമാറി. പ്രതി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണെന്നാണ് പോലീസ് അറിയിച്ചത്. ഇയാള്‍ക്ക് യു.എസ്. പാസ്‌പോര്‍ട്ടാണ് ഉള്ളത്. മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനിസികാസ്വാസ്ഥ്യം ഉണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker