കണ്ണൂര്‍: പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചതിന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ കെ. അനുശ്രീയടക്കം കണ്ടാലറിയാവുന്ന അഞ്ച് നേതാക്കള്‍ക്കെതിരെയും 20 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോഴാണ് എസ്.എഫ്.ഐ. ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചില്‍ കത്തിക്കാനായി ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.
കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പയ്യാമ്പലം ബീച്ച്. ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ബീച്ചിന്റെ ഒരുഭാഗത്തായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നത്.
ദിവസങ്ങളായി സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. ഉയര്‍ത്തുന്നത്. സര്‍വ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.
നേരത്തേ കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് എസ്.എഫ്.ഐ. നടത്തിയത്. എസ്.എഫ്.ഐ. ക്യാമ്പസില്‍ ഉയര്‍ത്തിയ ബാനര്‍ ഗവര്‍ണര്‍ അഴിപ്പിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ബാനറുകളാണ് എസ്.എഫ്.ഐ. ഉയര്‍ത്തിയത്.